നിയമസഭയില്‍ മുഖ്യമന്ത്രിയെ പൊളിച്ചടുക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഭരണപക്ഷം (വീഡിയോ കാണാം)

Jaihind Webdesk
Wednesday, December 5, 2018

https://youtu.be/VyZof6kd_ZY

തിരുവനന്തപുരം: ബന്ധുവിന് നിയമനം നല്‍കിയ മന്ത്രി കെ.ടി.ജലീലിനെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെയും നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.ഡി.വൈ.എഫ്.ഐകാര്‍ക്കുപോലും ജോലി കൊടക്കാതെയാണ് മന്ത്രിമാര്‍ സ്വന്തക്കാര്‍ക്കു ജോലി നല്‍കുന്നതില്‍ താത്പര്യം കാണിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാന്‍ കോണ്‍ട്രാക്‌റ്റെടുത്ത മുഖ്യമന്ത്രിയുടെ പ്രസംഗമാണ് സഭയില്‍ കേട്ടത്. ബ്രൂവറി, ഡിസ്റ്റിലറി അഴിമതി കേസ് കയ്യോടെ പിടിച്ചപ്പോള്‍ നനയാതെ ഈറന്‍ ചുമക്കേണ്ടെന്ന് പറഞ്ഞ് അത് പിന്‍വലിച്ചോടിയെ ഗവണ്‍മെന്റാണ് ഇത്. കെ.ടി. ജലീലിന്റെ പ്രസംഗം കേട്ടപ്പോള്‍ തോന്നിയത് അദ്ദേഹം രാജി വച്ചിട്ട് നടത്തുന്ന ഒരു പ്രസംഗത്തിന്റെ ധ്വനിയായിട്ടാണ്. ജലീലിനെതിരെ കെ. മുരളീധരന്‍ ഇവിടെ ഉന്നയിച്ച ഒരു ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല.ഞങ്ങളാരും മന്ത്രിയുടെ കാരക്ടറിനെക്കുറിച്ച് ഇവിടെ പറഞ്ഞില്ലല്ലോ? ചെയ്ത നടപടിയിലുള്ള ഗുരുതരമായ പിശക്, ബന്ധുനിയമനത്തിലൂടെ ചെയ്ത തെറ്റ്, അതിന് വഴി തെളിക്കാന്‍വേണ്ടി ഇറക്കിയ ഓര്‍ഡര്‍, ഗവണ്‍മെന്റിനെയും മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചെയ്ത നിയമന രീതി, ഒരു ചിലന്തി വല വിരിക്കുന്നതുപോലെയാണ് ഈ കാര്യങ്ങള്‍ ചെയ്തതെന്നുള്ളത് വളരെ വ്യക്തമായ കാര്യമാണ്. മന്ത്രിയെന്നുള്ള നിലയില്‍ മന്ത്രി ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്ന് പറയുമ്പോള്‍ അതിനെന്താണ് മറുപടി പറയാത്തത്? ഇ.പി. ജയരാജന്‍ എന്തിനാണ് രാജി വച്ചതെന്ന വളരെ പ്രസക്തമായ ഒരു ചോദ്യം ഇവിടെയുണ്ട്. ഇ.പി.ജയരാജന്‍ മന്ത്രിയായി ആഴ്ചകള്‍ കഴിയുന്നതിനുമുമ്പ് അദ്ദേഹം കൊടുത്ത ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ഒരു അടുത്ത ബന്ധുവിനെ നിയമിച്ചു. അതില്‍ ഞാനാണ് വിജിലന്‍സിന്‍ പരാതി കൊടുക്കുന്നത്. സ്വാഭാവികമായും അതിന്റെ അടിസ്ഥാനത്തില്‍ ഇ.പി.ജയരാജന്‍ രാജിവച്ചു.
ഇ.പി.ജയരാജന്‍ ചെയ്തതിനെക്കാള്‍ എത്രയോ മടങ്ങ് വലിയ തെറ്റാണ് ഡോ. കെ.ടി. ജലീല്‍ ചെയ്തിട്ടുള്ളത്? ഇ.പി.ജയരാജന്‍ തെറ്റ് ചെയ്‌തെങ്കില്‍ അദ്ദേഹം രാജി വയ്ക്കാനുള്ള മര്യാദ കാണിച്ചു. ഡോ. കെ.ടി. ജലീല്‍ ആ മര്യാദ കാണിക്കുന്നില്ല. മര്യാദ കാണിക്കാത്ത ഡോ. കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നതാണ് ഇവിടത്തെ പ്രശ്‌നം. ഡോ. കെ.ടി. ജലീലിന് കൊടുത്ത നീതി എന്തുകൊണ്ട് ഇ.പി.ജയരാജന് കൊടുത്തില്ലെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? തന്റെ ബന്ധുവിനെ ഒരു പൊതുമേഖലാസ്ഥാപനത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചുവെന്നതാണ് അദ്ദേഹത്തിനെതിരായ ആരോപണം. ഡോ. കെ.ടി.ജലീല്‍ അതിനെപ്പറ്റി മറുപടി പറഞ്ഞില്ല. ഡെപ്യൂട്ടേഷന്‍ നിയമനം അത്ര വലിയ കാര്യമാണോയെന്ന് ചോദിക്കാം. അല്ലെന്ന് തന്നെയാണ് പറയേണ്ടത്. പക്ഷേ, ആ രീതിയാണ് ഇവിടത്തെ പ്രശ്‌നം. ഇ.പി.ജയരാജന്‍ മന്ത്രി സ്ഥാനത്തുനിന്നും ഒഴിഞ്ഞ് സമയത്ത്, 13.10.2016 ല്‍ കാബിനറ്റിന്റെ ഒരു തീരുമാനം ഉണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും അത് കര്‍ശനമായി പാലിക്കാനും, പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ ഉന്നത നിയമനങ്ങളിലേയ്ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ ചുമതലപ്പെടുത്തി അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. ഏത് വിദഗ്ധ സമിതിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനെ ജനറല്‍ മാനേജരായി നിയമിക്കാനുള്ള ഉത്തരവ് കൊടുത്തത്? ഇത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കാബിനറ്റിന്റെ തീരുമാനമാണ്. ബന്ധുവിന് നിയമനം നല്‍കാനായി നിലവിലുള്ള ജനറല്‍ മാനേജരെ രാജി വയ്പ്പിച്ച് തസ്തിക സൃഷ്ടിച്ചു. ബന്ധുവിന് നിയമനം നല്‍കാന്‍ പാകത്തിന് മന്ത്രി നേരിട്ട് യോഗ്യതയില്‍ ഇളവ് വരുത്തി. അത് മുഖ്യമന്ത്രിയെ കാണിച്ചപ്പോള്‍, ചിലപ്പോള്‍ മുഖ്യമന്ത്രി ഒപ്പിട്ട് കൊടുത്തുകാണും. മന്ത്രി ചെന്ന് ഒരു ഫയലില്‍ ഒപ്പിട്ട് തരണമെന്ന് പറഞ്ഞു കാണും. മുഖ്യമന്ത്രി അത് ഒപ്പിടുന്നു. കാബിനറ്റില്‍ വച്ചില്ല. മുഖ്യമന്ത്രി അത് കാബിനറ്റില്‍ വയ്ക്കാതിരുന്നത് മന്ത്രി ചെന്ന് പറഞ്ഞിട്ടായിരിക്കാം. അല്ലെങ്കില്‍ മുഖ്യമന്ത്രി അത് കാബിനറ്റില്‍ വയ്ക്കുമായിരുന്നല്ലോ? സ്വാഭാവികമായും കാബിനറ്റില്‍ വയ്ക്കുന്നതിനായി ഒരു ഫയല്‍ മുഖ്യമന്ത്രിയുടെ കയ്യില്‍ എത്തിയാല്‍ അത് കാബിനറ്റില്‍ വയ്ക്കാറാണു പതിവ്. എന്നാല്‍, ഇത് കാബിനറ്റില്‍ വച്ചില്ല.
വളരെ ബോധപൂര്‍വ്വം സ്വന്തം ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി രണ്ട് വര്‍ഷം കാത്തിരുന്നു. ജനറല്‍ മാനേജരുടെ തസ്തിക ഒഴിഞ്ഞുകിടന്നു. ഒടുവില്‍ അന്തരീക്ഷം അനുകൂലമായി വന്നപ്പോള്‍ നിയമനം നല്‍കി. കൃത്യമായ ആസൂത്രണത്തോടെയാണ്. പഠിച്ച കള്ളന്‍മാര്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂവെന്നുള്ളതാണ് സത്യം. ബന്ധു നിയമനത്തിനായി ചിലന്തി വല കെട്ടുന്നതുപോലെ അഴിമതിക്ക് വലയും കെട്ടി കാത്തിരിക്കുകയായിരുന്നു ഡോ.കെ.ടി. ജലീല്‍ ചെയ്തത്.
കെ.ടി. ജലീല്‍ മന്ത്രിയായതിന്റെ അടുത്ത ദിവസംതന്നെ നിലവിലുണ്ടായിരുന്ന ജനറല്‍ മാനേജരെ പറഞ്ഞുവിട്ടു. വീണ്ടും ഒരു മാസംകൂടി കഴിഞ്ഞപ്പോഴാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമത്തിനുള്ള യോഗ്യതയില്‍ ഇളവ് വരുത്തിയത്. നമ്മുടെ നാട്ടില്‍ മിടുക്കന്‍മാര്‍ക്ക് ക്ഷാമമുണ്ടോ; എം.ബി.എ.ക്കാര്‍ക്ക് ക്ഷാമമുണ്ടോ; ബി.ടെക് കാര്‍ക്ക് ക്ഷാമമുണ്ടോ; എല്ലാ തസ്തികകളിലേയ്ക്കും ആവശ്യാനുസരണമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിലവിലുള്ള സ്ഥലമാണ് കേരളം. ന്യൂപക്ഷധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തോടൊപ്പം എം.ബി.എ. (മാര്‍ക്കറ്റിംഗ്/ഫിനാന്‍സ്)/സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ.) എന്നിവയില്‍ ഒന്നാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതിനോടൊപ്പം ബി.ടെക്കും പി.ജി.ഡി.സി.എ. എന്ന ഡിപ്ലോമയും കൂടി കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. അപ്പോള്‍ ഇവിടത്തെ അര്‍ത്ഥമെന്താണ്? തനിക്ക് ഇഷ്ടപ്പെട്ട ഒരാളിനെ നിയമിക്കണം. അതിനായി യോഗ്യതയില്‍ മാറ്റം വരുത്തുന്നു. ആ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആളിനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ അതിന് മന്ത്രിസഭയുടെ അംഗീകാരം വേണം. കെ.ടി. ജലീലിനെപ്പോലെ ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു.
കെ.ടി. അദിബിനെ വീട്ടില്‍ പോയി ക്ഷണിച്ചുവരുത്തുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ക്ഷണിച്ചുവരുത്തേണ്ട കാര്യമെന്താണ്? ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ; നമ്മുടെ നാട്ടില്‍ ആളെ കിട്ടില്ലേ, വീട്ടില്‍ പോയി ക്ഷണിച്ചുകൊണ്ടുവരാന്‍; അതോ കെ.ടി. അദീബ് കേരളത്തിലെങ്ങളും കിട്ടാത്ത പ്രതിഭാശാലിയാണോ; കെ.ടി. അദീബിന് പി.ജി. ഡിപ്ലോമ മാത്രമേയുള്ളു. അണ്ണാ സര്‍വ്വകലാശാലയിലെ ഡിപ്ലോമയാണ്. ഇവിടെ അദ്ദേഹം പറഞ്ഞുപറഞ്ഞ് എവിടെ ചെന്നുവെന്ന് അറിയാമോ; റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായിരുന്ന രഘുറാം രാജനുമായി ഇദ്ദേഹത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നു. രഘുറാം രാജന്റെ ക്വാളിഫിക്കേഷനുള്ള ഒരാളെയാണ് നിയമിച്ചതെങ്കില്‍ പിന്നെ അതിനെപ്പറ്റി ഒന്നും പറയാനില്ല.
ഡി.വൈ.എഫ്.ഐ.ക്കാരായ ആളുകള്‍ക്ക് ജോലി കൊടുക്കുന്നതിനേക്കാള്‍ താത്പര്യം ഇവിടെത്തെ മന്ത്രിമാര്‍ക്ക് ബന്ധുക്കള്‍ക്ക് നിയമനം കൊടുക്കാനായിരുന്നു. ഡോ. കെ.ടി. ജലീല്‍ പറയുന്നതുപോലെ, സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1,10,000/ രൂപ ശമ്പളം അദ്ദേഹത്തിനില്ലായിരുന്നു. പകരം 85,644/ രൂപയാണ് ലഭിച്ചത്. എല്ലാംകൂടി നോക്കുമ്പോള്‍ കള്ളം കൊണ്ടൊരു ചീട്ട് കൊട്ടാരമാണ് മന്ത്രി പണിതതെന്ന് കാണാന്‍ കഴിയും. ഒരു കള്ളം ചെയ്താല്‍ അതിനെ മറയ്ക്കാന്‍ ആയിരം കള്ളം പറയേണ്ടിവരും എന്നൊരു ചൊല്ലുണ്ട്. ദയവായി മന്ത്രി അത്തരമൊരു വൃഥാ വ്യായാമത്തിന് പോകരുത്.
പച്ചയായ സ്വജനപക്ഷപാതം, പച്ചയായ അഴിമതി, അതാണ് അദ്ദേഹം ഇവിടെ കാണിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മന്ത്രി രാജി വയ്ക്കണമെന്ന് ഞങ്ങള്‍ പറയുന്നത്. ഇങ്ങനെ അഴിമതി നടത്തിയ ഒരു മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. – പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു.