തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനത്തിലായെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിലല്ലെന്ന ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ദുർബലമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിലായ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സംസ്ഥാനത്ത് ഗൗരവമായ സാമ്പത്തിക ഞെരുക്കമാണെന്നും ബില്ലുകൾ ഈ മാസം പത്തിന് മുൻപ് തീർപ്പാക്കുമെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.
എന്നാൽ ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും 1,600 കോടി രൂപയുടെ ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്നും കെ.സി ജോസഫ് ചൂണ്ടിക്കാട്ടി. മൂന്നര വർഷമായി തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുകയാണ് സർക്കാർ. സംസ്ഥാനം ഗുരുതരമായ വികസന സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നും തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.