ഓപ്പറേഷന്‍ നുംഖോര്‍: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്; പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ റെയ്ഡ്

Jaihind News Bureau
Tuesday, September 23, 2025

കൊച്ചി: മലയാള നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. ഭൂട്ടാന്‍ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തത്തുന്നവരെ കണ്ടുപിടിക്കാനായി ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് കസ്റ്റംസ് ഒരേ സമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ റെയ്ഡ് തുടരുകയാണ്.

എറണാകുളത്ത് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും, പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലും കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയിരുന്നു. എന്നാല്‍, അവിടെ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സംഘം മടങ്ങി. പ്രമുഖ വ്യവസായികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.