മഴ കനക്കുന്നു : പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓപ്പറേഷൻ സെന്‍റർ സജ്ജം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. വെള്ളപൊക്കമോ പ്രളയമോ ഉണ്ടായാൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓപ്പറേഷൻ സെന്‍റർ സജ്ജമാണ്. മിലിറ്ററി പ്രതിനിധിയും എമർജൻസി സംഘത്തിലുണ്ടാകും. അതേ സമയം വിവിധ ജില്ലകളിൽ കടൽ കയറിയതിനെ തുടർന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് .

മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനുമാണ് മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കും .
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതൽ എന്ന നിലയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

അതേ സമയം കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പലയിടങ്ങളിലും കടൽ കയറിയതിനെ തുടർന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് .

Comments (0)
Add Comment