തിരുവനന്തപുരം: സർക്കാരിനെതിരായ പ്രതിഷേധങ്ങളെ മർദ്ദിച്ച് ഒതുക്കാമെന്ന് കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമാധാനപരമായി പ്രതിഷേധങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ക്രൂരമായ മര്‍ദ്ദനമാണ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് ഉന്നയിച്ച കാര്യങ്ങളെ അഴിമതി ആരോപണങ്ങളായല്ല അഴിമതിയുടെ യാഥാർത്ഥ്യങ്ങളായി ജനങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചപ്പോള്‍ അതിനെ നിസാരവത്കരിക്കുകയും മറുപടി നല്‍കാതെ അവഗണിക്കുകയുമാണ് സർക്കാർ ചെയ്തത്. എന്നാല്‍ അവയെല്ലാം യാഥാർത്ഥ്യങ്ങളായി ജനങ്ങള്‍ അംഗീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അഴിമതി ആരോപണങ്ങളിൽ ഒന്നും പറയാനാകാതെ വന്നപ്പോൾ സർക്കാരും ഇടത് മുന്നണിയുമാണ് ഖുറാൻ വിവാദം ഉയർത്തിയതെന്നും യുഡിഎഫിന്‍റെ മൂന്നാംഘട്ട സ്പീക്ക് അപ് കേരള സത്യഗ്രഹത്തില്‍ അദ്ദേഹം പറഞ്ഞു.