എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മലപ്പുറം ജില്ലയിലെ ഉരുൾപൊട്ടിയ സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ വാഴക്കാട് സ്ക്കൂളിലെ ദുരിതാശ്വാസ ക്യാപിലാരിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ ആദ്യ സന്ദർശനം. 450 കുടുംബങ്ങളിലെ അയിരത്തി അഞ്ഞൂറോളം പേരുള്ള ക്യാമ്പിലെ സാഹചര്യങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ശുചീകരണ സാമഗ്രികൾ ഇല്ലെന്ന പരാതി ഉടൻ തഹസിൽദാരെ വിളിച്ച് ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മണ്ണിടിഞ്ഞ് മരിച്ച കോട്ടക്കുന്നിലെത്തി. മകനെയും ഭാര്യയെയും അമ്മയെയും നഷ്ടപ്പെട്ട ശരത്തിനെ ഉമ്മൻ ചാണ്ടി ആശ്വസിപ്പിച്ചു. ശരത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും സർക്കാർ ജോലി നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ എ.പി അനിൽകുമാർ, പി ഉബൈദുള്ള എന്നിവരും കോട്ടക്കുന്നിൽ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് നിലമ്പൂരിലെ തകർന്ന കൈപിനി പാലം ഉമ്മൻ ചാണ്ടി സന്ദർശിച്ചു. മണ്ണിടിഞ്ഞുവീണ് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ നടത്തുന്ന കവളപ്പാറയിലും ഉമ്മൻ ചാണ്ടി എത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രതി പക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം കവളപ്പാറയിൽ പറഞ്ഞു. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പും ഉമ്മൻ ചാണ്ടി സന്ദർശിച്ചു.