കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ല : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Monday, March 4, 2019

ബലാകോട്ട് ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍‌ ചാണ്ടി. പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

ബലാകോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല എന്നാണ് മൂന്ന് സൈനിക മേധാവികളും പരസ്യമായി പറഞ്ഞത് . എന്നാല്‍ മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങള്‍ക്ക് അനൗദ്യേഗികമായി ലഭിച്ച വാര്‍ത്തയായിരുന്നുവെന്നത് വ്യക്തമാണ്. ആരും അതിനെ ചോദ്യം ചെയ്തില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവെക്കുന്നില്ല. അതേസമയം വ്യോമസേന ആക്രമണത്തിന്‍റെ ലക്ഷ്യം ആള്‍നാശം ആയിരുന്നില്ലെന്ന് കേന്ദ്രന്ത്രി എസ്.എസ് അലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്.കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുന്നത് സര്‍ക്കാരാണെന്നാണ് വ്യോമസേനാ മേധാവി അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളും പുറത്തുവിടണം.

പാകിസ്ഥാനെതിരായ സൈനിക നടപടി കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്ന് പറഞ്ഞത് ബിജെപിയുടെ നേതാവാണ്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനുമേല്‍ പ്രധാനമന്ത്രി കുതിര കയറുകയാണ്. കോണ്‍ഗ്രസും സൈന്യത്തോടൊപ്പം ആത്മാർഥമായി നില്‍ക്കുകയാണ്. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ധീരസാഹസികതയെ രാജ്യവും കോണ്‍ഗ്രസും അഭിമാനത്തോടെ കാണുന്നു.

ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടല്‍ബിഹാരി വാജ്‌പേയി ‘ദുർഗാദേവി’ എന്ന് അഭിസംബോധന ചെയ്ത ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് സന്ദേശത്തില്‍ വ്യക്തമാക്കി.