ആരുടേയും കാലുപിടിക്കേണ്ട, തെറ്റ് പറ്റിയെന്ന് സമ്മതിക്കണം ; മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ മറുപടി

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പിണറായി ആരുടേയും കാലുപിടിക്കേണ്ട. ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കണം താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്നാണ് പറയുന്നത്. ഇതെന്തിനാണെന്ന് വ്യക്തമാക്കണം. സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. യുവജനങ്ങളുടെ പ്രതിഷേധം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

147 റാങ്ക് ലിസ്റ്റുകള്‍ പകരം ലിസ്റ്റുകളില്ലാതെ ഈ സര്‍ക്കാര്‍ റദ്ദാക്കി. റാങ്ക് നീട്ടിനല്‍കാന്‍ ഒരുവര്‍ഷം അധികാരമുണ്ടെന്നിരിക്കെ എന്തിനാണ് ലിസ്റ്റുകള്‍ റദ്ദാക്കിയതെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി മറുപടി പറയണം. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് എന്തിനാണ് ഈ ക്രൂരതയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷക്കാലം ഒറ്റ റാങ്ക് ലിസ്റ്റ് പോലും പകരം ലിസ്റ്റില്ലാതെ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.