സോളാറില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും ; വെളിപ്പെടുത്തലില്‍ അമിതമായ ആഹ്ലാദവും വിഷമവും ഇല്ല : ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്ന് അല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരും. അമിതമായ ആഹ്ലാദവും വിഷമവും ഇല്ല. തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ വേദനിക്കുന്നവരുണ്ട്. അതുകൊണ്ട് പുറത്തു പറയുന്നില്ലെന്നും അദ്ദഹം തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

കേന്ദ്ര -കേരള സർക്കാരുകളുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് അസംതൃപ്തിയാണെന്നും തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുമായി ചർച്ച നടത്തുകയും നിലവിലെ കാർഷിക നിയമത്തിന്‍റെ നേട്ടങ്ങൾ വിശദീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ല. കർഷകരെ ആദരിക്കാതെ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ പദ്ധതികൾ പരസ്യങ്ങളിൽ മാത്രമാണെന്നും എല്ലാ പദ്ധതിയിലും സ്വജന പക്ഷപാതവും അഴിമതിയും നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൊന്നും ജനങ്ങൾക്ക് നേട്ടമില്ല. പി.എസ്.സി ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടുന്നില്ല . പുതിയ ലിസ്റ്റ് ഇല്ലാതെ വരുമ്പോൾ പിൻവാതിൽ നിയമനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാർ കോഴയും സോളാറും എത്ര ചർച്ച ചെയ്താലും സത്യം സത്യമായി നിൽക്കുമെന്നും, ഇപ്പോൾ നടക്കാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലും യു.ഡി.എഫ്  പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

oommen chandy
Comments (0)
Add Comment