മുഖ്യമന്ത്രി അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വായ് മൂടിക്കെട്ടുന്നു; പോലീസിനെ ഇനിയും വിമര്‍ശിക്കും : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Saturday, August 31, 2019

Oommen-Chandy

അഭിപ്രായപ്രകടനത്തിന്‍റെ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡി.ജി.പിയും അനുമതി നല്‍കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വായ് മൂടിക്കെട്ടുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി.

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്ര മോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പോലീസിനെ വിമര്‍ശിച്ചതിനാണ് കെ.പി.സി.സി പ്രസിഡന്‍റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സി.പി.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണ് കേരളം കണ്ടത്. ഇതിനെതിരെ ഡി.ജി.പിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും. ഇതു തടയാന്‍ ഒരു പ്രോസിക്യൂഷന്‍ നടപടിക്കും സാധ്യമല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സി.പി.എമ്മുകാരെയും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്‍റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെ.പി.സി.സി പ്രസിഡന്‍റിനെതിരായ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.