കരുതലായി ഉമ്മൻ ചാണ്ടി: പൂനെ ജഹാംഗീർ ആശുപത്രിയിലെ മലയാളി നഴ്സ്മാരുടെ തൊഴിൽ തർക്കം പരിഹരിച്ചു

പൂനെ: പൂനെയിലെ ജഹാംഗീർ ആശുപത്രിയിൽ ഡോക്ടർമാരും മറ്റ് മെഡിക്കൽ സ്റ്റാഫുകളും ഏറെയും തദ്ദേശീയരാണെങ്കിലും നഴ്സുമാരിൽ മുപ്പത് ശതമാനവും മലയാളികളാണ്. കൊവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞത് ജഹാംഗീർ ആശുപത്രിയേയും ബാധിച്ചു. എന്നാൽ മലയാളി നഴ്സുമാർ അർപ്പണ മനോഭാവവും സേവന തല്‍പരതയും അതിലേറെ ആത്മാർത്ഥതയോടെയും കൂടിയാണ് ജോലി ചെയ്തത്.

പി. പി. ഇ. കിറ്റ് ധരിച്ചു കൊണ്ട് പന്ത്രണ്ട് മണിക്കൂറിലേറെ ത്യാഗപൂർണമായി ജോലിചെയ്തുവരികയായിരുന്നു നഴ്സുമാർ. കൊവിഡിന്‍റെ സാഹചര്യത്തിൽ ജോലിചെയ്യുന്ന നഴ്സുമാർക്ക് അധിക ആനുകൂല്യം നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ ആശുപത്രികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ആനുകുല്യങ്ങൾ ലഭിക്കാതെ വന്നപ്പോൾ നഴ്സുമാർ പ്രതിഷേധസൂചകമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. എന്നാൽ പ്രശ്നം പരിഹരിക്കുന്നതിന് പകരം ആശുപത്രി അധികൃതർ ഇവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോയി. ഇതിൽ മലയാളി നഴ്സുമാർ ശരിക്കും പ്രതിസന്ധിയിലായി.

പ്രതീക്ഷ കൈവിട്ട് നിന്ന ഈ അവസരത്തിലാണ് മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ചാർജ് ഉണ്ടായിരുന്ന അഡ്വ. ജോഷി വഴി മലയാളി നഴ്‌സ്മാർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുന്നത്. തുടർന്ന്, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസ്, മഹാരാഷ്ട്ര തൊഴിൽ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ വിഷയം ധരിപ്പിച്ചു. അതിനെതുടർന്ന്, ലേബർ കമ്മീഷണർ, എസ്.പി. എന്നിവർ ജഹാംഗീർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും നഴ്‌സുമാർക്ക് കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അധിക ആനുകൂല്യം നൽകാമെന്ന് ഉറപ്പുനൽകുകയും അതിനുവേണ്ട ഓർഡർ ഇറക്കുകയും ചെയ്തു.

Comments (0)
Add Comment