യുപിയില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്‍റെ മരണമണി ; ഇന്ത്യയുടെ ഹൃദയം തകര്‍ത്ത നടപടിയെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Thursday, October 1, 2020

 

തിരുവനന്തപുരം:  ജനാധിപത്യത്തിന്‍റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. ഹത്രാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകാതിരിക്കാന്‍ 144 പ്രഖ്യാപിച്ചും പൊലീസിനെ ഉപയോഗിച്ചും രാഹുല്‍ ഗാന്ധിയേയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും തടയുകയാണു ചെയ്തത്. ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടി.

രാഹുല്‍ ഗാന്ധിക്കു നേരേ കയ്യേറ്റം ഉണ്ടാകുകയും അദ്ദേഹം നിലത്തു വീഴുകയും ചെയ്തു. ഹത്രാസിലേക്ക് ഒറ്റയ്ക്കു പോകുവാന്‍ തയാറായ രാഹുല്‍ ഗാന്ധിയെ അതിന് അനുവദിക്കുന്നതിനു പകരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായില്ലെന്ന റിപ്പോര്‍ട്ട് പോലും വ്യാജമാണെന്നു സംശയിക്കണം. കുടുംബത്തെ ബന്ദിയാക്കിയിട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കരിച്ചത്. രാജ്യത്തിന്‍റെ ഹൃദയം തകര്‍ത്ത കിരാതമായ നടപടിയാണിത്. ഇവരുടെ ഏറ്റവും വലിയ ഇരകള്‍ ദളിതരും സ്ത്രീകളുമാണ്.

ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ഒന്നടങ്കം ഉണരണമെന്ന് ഉമ്മന്‍ ചാണ്ടി ആഹ്വാനം ചെയ്തു.