കൊച്ചി : എറണാകുളം കളമശേരിയില്‍ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. കളമശേരി മെഡിക്കല്‍ കോളേജിന് സമീപനം നെസ്റ്റിന്‍റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടം നടന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. പശ്ചിമബംഗാള്‍ സ്വദേശികളായ കുദൂസ് മണ്ഡല്‍, ഫൈജുല്‍ മണ്ഡല്‍, മുഹമ്മദ് നൂര്‍ അലാം, നജീഷ് അലി തുടങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. 7 തൊഴിലാളികളാണ് മണ്ണില്‍ കുടുങ്ങിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ നിര്‍മ്മാണം നടത്തിയത് എന്ന കാര്യം പരിശോധിക്കുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പറഞ്ഞു.
ഡോഗ് സ്‌ക്വാഡിന്‍റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തിയത്. പത്തോളം അഗ്നിശമസേനാ വാഹനങ്ങളും സ്ഥലത്ത് എത്തിയിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്ത് എത്തിച്ചത്. അതേ സമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എഡിഎമ്മിനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. മരിച്ച തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.