ഓണാഘോഷത്തിന് ഗംഭീര ഘോഷയാത്രയോടെ ഇന്ന് സമാപനം; പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാർ, നൂറോളം കലാരൂപങ്ങള്‍; 2 മുതല്‍ 8 വരെ ഗതാഗത നിയന്ത്രണം

Monday, September 16, 2019

തിരുവനന്തപുരം: അനന്തപുരിയുടെ വീഥികളെ വർണാഭമാക്കുന്ന ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും.

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനനഗരിയിൽ  നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ നിറച്ചാർത്തണിയിക്കാൻ നഗരത്തിലെത്തിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് നിന്നാണ് ഘോഷയാത്രയ്ക്കു തുടക്കമാകുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഘോഷയാത്രയ്ക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും.

രാജസ്ഥാൻ, മണിപ്പൂർ, പഞ്ചാബ്,  തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ്, ജമ്മു കശ്മീർ,  ഗുജറാത്ത്, തെലങ്കാന , ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നൃത്തരൂപങ്ങൾ കേരളീയ കലാരൂപങ്ങൾക്കൊപ്പം   അണിനിരക്കും. ഇതിനൊപ്പം കേരളത്തിന്‍റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കും. പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം,  തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടാനെത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍, അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ തുടങ്ങിയവർ ചേർന്ന് 80 ഓളം നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയിൽ അവതരിപ്പിക്കും.

യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ സജ്ജമാക്കുന്ന പവലിയനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ, മന്ത്രിമാർ, മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത്രിമാർ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കും. വൈകിട്ട് ഏഴിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും.  ഘോഷയാത്രയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ മുതൽ രാത്രി എട്ട് വരെ  നഗരത്തിൽ ഗതാഗത ക്രമീകരണം  ഏർപ്പെടുത്തിയിട്ടുണ്ട്.