പിണറായിയ്ക്ക് കരിങ്കൊടി കാട്ടിയാല്‍ കൊല്ലും; ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞാല്‍ കേസ് തന്നെ ഇല്ലാതാക്കും

Jaihind Webdesk
Saturday, January 5, 2019

OC attack2013-YC attack2019

സിപിഎമ്മിന്‍റെ ഇരട്ടനീതി നടപ്പാക്കല്‍ തുടരുമ്പോള്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ന്യായീകരിക്കുകയും അത്യാസന്ന നിലയിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് പിന്‍വലിക്കാനുമുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍.

പിണറായിയുടെ കാറിനു നേരെ കരിങ്കൊടി കാണിച്ച നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം മനപൂര്‍വമായി വെട്ടിത്തിരിച്ച് ഇടിച്ചു തെറിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് പ്രവര്‍ത്തകര്‍ വീണപ്പോള്‍ വാഹനം നിർത്താതെ വിട്ടുപോവുകയും ചെയ്തു. പരുക്കോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചത് മന്ത്രിമാരുടെ വാഹനങ്ങൾ വഴിയിൽ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കും എന്നായിരുന്നു.

അതേസമയം, 2013 ഒക്ടോബർ 27 ന് കണ്ണൂർ പൊലീസ് മൈതാനിയില്‍, സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്‍റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ, അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാനും അവർക്കെതിരായ കേസ് പിൻവലിക്കാനും ശക്തമായ നീക്കമാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പിൽ തന്നെ ഇതിനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശവും തേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.