ഇന്ന് നഴ്സസ് ദിനം ; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മാലാഖമാർ

 

തിരുവനന്തപുരം : സമര്‍പ്പണത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്തമായ വിശുദ്ധിയോടെ ഇന്ന് ലോകമെമ്പാടും നഴ്സസ് ദിനമായി ആചരിക്കുന്നു. ഏറെ ദുഷ്‌കരമായ ഈ കൊവിഡ് പ്രതിസന്ധിയില്‍ വിസ്മരിക്കാനാവാത്തതാണ് നഴ്‌സുമാരുടെ സേവനം. ലോകം നഴ്സസ് ദിനം ആചരിക്കുമ്പോഴും മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് മാലാഖമാർ.

‘വഴി നടത്തും സ്വരം, കരുത്തുപകരുന്ന കാഴ്ച’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. സംസ്ഥാനത്ത് ലോക്ക്ഡൗണായതിനാൽ വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനം ആചരിക്കാനാണ് ഇക്കുറി തീരുമാനം.

അതേസമയം ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്ന മാലാഖയോടുള്ള ആദരസൂചകമായിട്ടാണ് മെയ് 12 നഴ്സസ് ഡേ ആയി ആചരിക്കുന്നത്. 1854-56 ലെ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി രാത്രിയിലും കത്തിച്ച റാന്തല്‍ വിളക്കുമായി നടന്ന ആ മഹതി ‘വിളക്കേന്തിയ വനിത’ എന്ന് ലോകമെമ്പാടും അറിയപ്പെട്ടു. ഈ കാലഘട്ടം ആധുനിക നഴ്‌സിങ് മേഖലയ്ക്കുള്ള വഴിത്തിരിവായിരുന്നു. മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഫ്‌ളോറന്‍സ് നൈറ്റിംഗല്‍ നഴ്‌സിങ് പഠനം നടത്തിയത്.

അക്കാലത്ത് നഴ്‌സിങ് സമൂഹം അംഗീകരിക്കുന്ന അന്തസുറ്റ ജോലിയായിരുന്നില്ല. എന്നാല്‍ ആതുര സേവനത്തിന്റെ മാഹാത്മ്യം ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ ഫ്‌ളോറന്‍സിന് കഴിഞ്ഞു. രോഗികളുടെ എണ്ണം, മരണനിരക്ക് തുടങ്ങിയ കണക്കുകളുടെ പിന്‍ബലത്തോടെ ചികിത്സ ശാസ്ത്രീയമാക്കാന്‍ തുടക്കം കുറിച്ചത് ഫ്‌ളോറന്‍സ് നൈറ്റിംഗലാണ്.

 

Comments (0)
Add Comment