ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മകന്റെയും സഹോദരിയുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും തീ കൊളുത്തിക്കൊല്ലുകയും ചെയ്തു. നിക്കി (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിപിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യം സ്‌കോര്‍പിയോയും പിന്നീട് ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നല്‍കിയിട്ടും വിപിനും കുടുംബവും നിക്കിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു. അടുത്തിടെ താന്‍ വാങ്ങിയ മെഴ്സിഡസ് കാര്‍ വിപിന്‍ ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ‘ആദ്യം അവര്‍ സ്ത്രീധനമായി ഒരു സ്‌കോര്‍പിയോ ആവശ്യപ്പെട്ടു, അത് നല്‍കി. പിന്നീട് അവര്‍ ഒരു ബുള്ളറ്റ് ബൈക്ക് ആവശ്യപ്പെട്ടു, അതും നല്‍കി. എന്നിട്ടും അവര്‍ എന്റെ മകളെ പീഡിപ്പിച്ചു കൊന്നു, പ്രതികള്‍ക്കെതിരെ ബുള്‍ഡോസര്‍ നടപടി വേണം. അല്ലെങ്കില്‍ ഞങ്ങള്‍ നിരാഹാര സമരം നടത്തും,’ യുവതിയുടെ പിതാവ് പറയുന്നു.
‘അമ്മയുടെ മുകളില്‍ എന്തോ ഒഴിച്ചു, പിന്നെ അടിച്ചു, ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി,’ നിക്കിയുടെ ആറ് വയസ്സുള്ള മകന്‍ ഭീതിയോടെ പറഞ്ഞു. നിക്കിയെ മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് വീടിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീ കൊളുത്തിയതിന് ശേഷം യുവതി മുടന്തി മുടന്തി പടികളിറങ്ങുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 36 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിനാണ് തന്റെ സഹോദരിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് നിക്കിയുടെ സഹോദരി കാഞ്ചന്‍ ആരോപിച്ചു.
രക്ഷപ്പെടാന്‍ ശ്രമം, പ്രധാന പ്രതിക്ക് വെടിയേറ്റു
കൊലപാതകത്തിലെ പ്രധാന പ്രതിയായ വിപിന്‍ ഭാട്ടിയ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റു. തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ഇന്ധനം അടങ്ങിയ കുപ്പി കണ്ടെടുക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. സിര്‍സ ചൗരാഹയ്ക്ക് സമീപം വെച്ച് പ്രതി ഒരു ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും വഴങ്ങാത്തതിനെ തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വിപിന്റെ കാലിനാണ് വെടിയേറ്റത്. അറസ്റ്റിലായതിന് ശേഷവും വിപിന്‍ ഭാട്ടിക്ക് യാതൊരു ഖേദവുമുണ്ടായിരുന്നില്ല. ‘എനിക്ക് ഖേദമില്ല. ഞാന്‍ അവളെ കൊന്നിട്ടില്ല. അവള്‍ സ്വയം മരിച്ചതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വഴക്കുകള്‍ സാധാരണമാണ്,’ അയാള്‍ പറഞ്ഞു.
പോലീസ് നടപടിയെ നിക്കിയുടെ കുടുംബം സ്വാഗതം ചെയ്തു. ഭര്‍ത്താവ് വിപിന്‍, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, നിക്കിയുടെ സഹോദരിയുടെ ഭര്‍ത്താവ് എന്നിവരുള്‍പ്പെടെ നാല് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിപിന്‍ അറസ്റ്റിലായപ്പോള്‍ മറ്റ് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.