സാലറി ചലഞ്ചിനോട് വിസമ്മതിച്ച ജീവനക്കാരുടെ ശമ്പളം തടസപ്പെട്ടു

Jaihind Webdesk
Thursday, November 1, 2018

സാലറി ചലഞ്ചിനോട് വിസമ്മതിച്ച ജീവനക്കാരുടെ ശമ്പളം തടസപ്പെട്ടു.ഇതേ തുടർന്ന് നാലു ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരടെയും ശമ്പളം മുടങ്ങി അയ്യായിരം ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്

സാലറി ചലഞ്ചിന് എതിരെ സുപ്രീം കോടതിയും ഹൈക്കോടതിയും നിലപാട് സ്വീകരിച്ചിട്ടും ജീവനക്കാർക്ക് എതിരെ ഉള്ള സർക്കാരിന്‍റെ പ്രതികാര സമീപനം തുടരുകയാണ്. സമ്മത പത്രം നൽകാത്തവരുടെ ബില്ലുകൾ മാറാൻ അധികൃതർ തയാറാകുന്നില്ല. സാലറി ചലഞ്ചിൽ പങ്കെടുത്തവരിൽ സമ്മതപത്രം ഇനിയും നൽകാത്തവർ വ്യാഴാഴ്ച വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്ന് ധനവകുപ്പ് നിർദേശിച്ചിരുന്നു.

സാലറി ചലഞ്ചിന് എതിരെ ഉള്ള സുപ്രീം കോടതി വിധിയെ തുടർന്ന് ധനവകുപ്പ് പുതിയ മാർഗ നിർദേശം പുറത്തിറക്കിയിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് ആശയകുഴപ്പം നിലനിലക്കുകയാണ്. സമ്മതപത്രം നൽകാത്തവരുടെ ശമ്പള ബിൽ വൈകിപ്പിച്ച് സമ്മതപത്രം നൽകാൻ ജീവനക്കാരെ നിർബന്ധിപ്പിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.

ഭരണപക്ഷ അനുകുല ഡിഡി മാരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. സുപ്രീം കോടതി സാലറി ചലഞ്ച് റദ്ദാക്കിയതോടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ട് ലക്ഷത്തിൽ പരം ജീവനക്കാരിൽ നിന്ന് സമ്മതപത്രം വാങ്ങണം.  ഇതാണ് സർക്കാരിനെ അലട്ടുന്നത്. ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തുക. നിലവിലെ സാഹചര്യത്തിൽ ശമ്പളം രണ്ടു ദിവസം വൈകാനാണ് സാധ്യത. ഇതോടെ കോടതി വിധി ഉണ്ടായിട്ടും സർക്കാർ ജീവനക്കാരുടെ ശമ്പളം സമ്മർദം ചെലുത്തി നേടാണ് സർക്കാർ നീക്കം.  പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നവകേരള നിര്‍മിതിക്കുമായി ഒരുമാസത്തെ ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ശമ്പളം നല്‍കാന്‍ തയാറാകുന്നവര്‍ സമ്മതപത്രം നല്‍കണമെന്ന് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍, ശമ്പളം നല്‍കാന്‍ തയാറാകാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനെതിരെ ഒരുവിഭാഗം ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു.