വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല; ഹൈക്കോടതിയില്‍ സർക്കാർ

Jaihind Webdesk
Friday, December 2, 2022

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രോജക്ട്സ് എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റ് നടപടികളിലേക്ക് സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണ് മടി കാണിക്കുന്നതെന്നും അദാനി ഗ്രൂപ്പ് ചോദ്യമുയർത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സമരക്കാരോട് കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്നും ക്രമസമാധനത്തിന് ഭീഷണിയാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

വിഴിഞ്ഞം അക്രമത്തിൽ വൈദികർക്കും പങ്കുണ്ടെന്ന് പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പള്ളി മണിയടിച്ച് രണ്ടായിരത്തോളം പേരെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചുവെന്നും പോലീസ് പറയുന്നു.  അതേസമയം വിഴിഞ്ഞം സംഘർഷത്തിൽ അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പോലീസ് തയാറാക്കുകയാണ്. ഹൈക്കോടതി നിര്‍ദേശം വന്ന ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പോലീസിന്‍റെ തീരുമാനം.