പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് തിരിച്ചടി. ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ കടുത്ത വിമര്‍ശനങ്ങളോടടെ തള്ളി സുപ്രീംകോടതി. പൗരന്മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്നും കോടതി ശാസിച്ചു.
കടുത്ത വിമര്‍ശനം ഉയര്‍ത്തിയാണ് വിഷയത്തില്‍ ദേശീയ പാത അതോറിറ്റിയുടെ അടക്കം അപ്പീല്‍ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നാണ് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ ഗതാഗതം സുഗമാമാക്കാനുള്ള നടപടികള്‍ തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡുകള്‍ എന്നും ഈ കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്മാര്‍ നല്‍കേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.