ക്ഷേത്രങ്ങളിൽ ‘ബൗൺസർമാർ’ വേണ്ട; തെറ്റായ കീഴ്വഴക്കമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

Jaihind News Bureau
Wednesday, December 3, 2025

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും ക്ഷേത്രാന്തരീക്ഷത്തിന് അനുചിതമായ വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രങ്ങളിൽ നിയമിക്കരുതെന്നാണ് കോടതിയുടെ നിർദേശം. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ നിയോഗിച്ചതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കറുത്ത ബനിയനും പാന്റും ധരിച്ച് കാവി ഷാൾ ഉപയോഗിച്ചായിരുന്നു ബൗൺസർമാർ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എൻ. പ്രകാശാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്ക് നിയന്ത്രണവും പോലീസിന്റെയും ദേവസ്വം ഗാർഡുമാരുടെയും ഉത്തരവാദിത്തമാണെന്നും, ബൗൺസർമാരെ നിയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ, സുരക്ഷാ ജീവനക്കാരുടെ വസ്ത്രത്തിൽ ‘ബൗൺസർ’ എന്ന് രേഖപ്പെടുത്തിയതിലുള്ള അതൃപ്തി കോടതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ, വിമുക്ത ഭടന്മാരെയാണ് ആദ്യം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്നും, എന്നാൽ ഭക്തജനത്തിരക്ക് വർധിച്ചതോടെ നിയന്ത്രണം സാധിക്കാതായപ്പോഴാണ് ബൗൺസർമാരെ ഏർപ്പാടാക്കിയതെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വസ്ത്രത്തിൽ ‘ബൗൺസർ’ എന്ന് എഴുതിയിരുന്നവരെ സുരക്ഷയ്ക്കായി നിയോഗിച്ചത് ദൗർഭാഗ്യകരമായിപ്പോയെന്നും, ഇത് ഇനി ആവർത്തിക്കില്ലെന്നും ബോർഡ് കോടതിക്ക് ഉറപ്പ് നൽകി. ക്ഷേത്രങ്ങളിലെ സുരക്ഷ പോലീസിന്റെയും ദേവസ്വം ഗാർഡുമാരുടെയും ഉത്തരവാദിത്തമാണെന്ന ഹർജിക്കാരന്റെ വാദത്തെ കോടതി ശരിവെക്കുകയും ചെയ്തു.