അമിത് ഷായും സ്മൃതി ഇറാനിയും വയനാട്ടിലേക്കില്ല; ജനങ്ങളുടെ പ്രതിഷേധത്തെ ഭയന്നാണ് പിന്‍മാറ്റം; എന്‍.ഡി.എ ക്യാമ്പില്‍ അതൃപ്തി

Jaihind Webdesk
Friday, April 19, 2019

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കുവേണ്ടി ബി.ജെ.പി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തില്ല. ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു. വയനാടിനെക്കുറിച്ച് വര്‍ഗ്ഗീയ പരാമര്‍ശം നടത്തുകയും പാക്കിസ്ഥാനോട് ഉപമിക്കുകയും ചെയ്ത അമിത് ഷായ്‌ക്കെതിരെ കനത്ത പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ ഉയര്‍ന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ പ്രധാനനേതാക്കളാരും തന്നെ വയനാട്ടില്‍ എത്തിയിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയടക്കമുള്ള നേതാക്കള്‍ വയനാട്ടിലെ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.

വയനാടിനെക്കുറിച്ചുള്ള അമിത്ഷായുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. അമിത്ഷായ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പരാതികള്‍ ഉയരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ വയനാട്ടിലേക്ക് വരാന്‍ വിമുഖത അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാന എന്‍.ഡി.എയ്ക്കുള്ളില്‍ കനത്ത അതൃപ്തിയാണ് ഉയര്‍ന്നിരിക്കുകയാണ്. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നേക്കാന്‍ സാധ്യതയുണ്ട്. വെള്ളാപ്പള്ളി നടേശന്റെ എതിര്‍പ്പിനെ അവഗണിച്ച് കനത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് തുഷാറിനെ തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത്. എന്നാല്‍ അതിനുശേഷം എന്‍.ഡി.എ എന്ന മുന്നണി സംവിധാനത്തിന്റെ യാതൊരു പിന്തുണയും തുഷാറിന് കിട്ടിയില്ലെന്ന് ബി.ഡി.ജെ.എസ് ആരോപിക്കുന്നു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പരാജയം സമ്മതിച്ചമട്ടാണ് എല്‍.ഡി.എഫും എന്‍.ഡി.എയും. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രചാരണത്തിനുപോലും ഉന്നത നേതാക്കള്‍ വിമുഖത കാട്ടുകയാണ്.