ന്യൂഡല്‍ഹി: സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ ആലപ്പുഴ സ്വദേശിയായ പത്തുവയസുകാരി നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കെ.സി വേണുഗോപാല്‍ എംപി കത്ത് നൽകി.
നിദ അടക്കമുള്ള സൈക്കിൾ പോളോ അസോസിയേഷനിലെ കേരള താരങ്ങൾ കോടതി ഉത്തരവുമായി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടും ഭക്ഷണവും താമസവും ഒരുക്കുന്നതിൽ ദേശീയ കായിക ഫെഡറേഷൻ ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഇവ നിഷേധിച്ച ദേശീയ ഫെഡറേഷൻ അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. കടുത്ത അനീതിയുടെ ഇരയാണ് നിദ ഫാത്തിമ. ഗുരുതരമായ കൃത്യവിലോപം നടത്തിയ ദേശീയ കായിക ഫെഡറേഷന്‍റെ ഭാരവാഹികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് അയച്ച കത്തിൽ കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്ക് നടന്നെത്തിയ നിദ പൊടുന്നനെ മരിക്കാൻ ഇടയായ സാഹചര്യവും ദുരൂഹമാണ്. ആശുപത്രി അധികൃതരുടെ ഭാഗത്ത് ചികിത്സാപിഴവുണ്ടായോ എന്നത് പരിശോധിക്കാൻ മഹാരാഷ്ട്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. നിദയുടെ മരണവുമായി ബന്ധപ്പെട്ട്
നാഗ്പൂർ എസ്പിയെ ഫോണിൽ വിളിച്ച് വിശദാംശങ്ങൾ അന്വേഷിച്ച കെ.സി വേണുഗോപാൽ നിദാ ഫാത്തിമയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും വ്യക്തമാക്കി.
മത്സരത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന നമ്മുടെ കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകാൻ സംസ്ഥാന കായിക വകുപ്പിന് ഉത്തരവാദിത്തമുണ്ട്. വിവിധ മത്സരങ്ങൾ പങ്കെടുക്കാനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന മത്സരാർത്ഥികൾ ഇത്തരം അവഗണനകൾ നേരിടുന്ന സാഹചര്യം സംസ്ഥാനത്ത് തുടർക്കഥയാണ്. നമ്മുടെ കുട്ടികൾക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്പോർട്സ് കൗൺസിലും പ്രവർത്തിക്കേണ്ടതെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.