രാമലിംഗം കൊലക്കേസ്: തമിഴ്നാട്ടിലെ 20 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

Jaihind Webdesk
Friday, May 3, 2019

NIA-Raid

തീവ്രവാദ ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഇരുപത് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡുകൾ നടത്തി. തഞ്ചാവൂരിൽ പി.എം.കെ പ്രവർത്തകനായ രാമലിംഗത്തെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. 16 മൊബൈൽ ഫോണുകൾ, 21 സിം കാർഡുകൾ, കത്തി, വാൾ എന്നിവയും രണ്ട് ലക്ഷം രൂപയും റെയ്ഡിൽ പിടിച്ചെടുത്തു.

കുംഭകോണം, തഞ്ചാവൂർ, തിരുച്ചിറപ്പള്ളി, കാരയ്ക്കൽ മേഖലകളിൽ 20 കേന്ദ്രങ്ങൾ കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്. കൊലക്കേസ് പ്രതികൾക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രാദേശിക നേതാവായ രാമലിംഗത്തെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊന്നത്. പത്തുപേരെ തഞ്ചാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് പേർ ഒളിവിലാണ്.

മാർച്ച് മൂന്നിന് കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. അറസ്റ്റിലായവരുടെയും ഒളിവിൽ കഴിയുന്നവരുടെയും വീടുകൾ, പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയതെന്ന് എൻ.ഐ.എ അറിയിച്ചു. 16 മൊബൈൽ ഫോണുകൾ, 21 സിം കാർഡുകൾ, മൂന്ന് ലാപ്പ് ടോപ്പുകൾ, 9 ഹാർഡ് ഡിസ്‌കുകൾ, 118 സി.ഡികൾ, ഡയറികൾ, കത്തി, വാൾ എന്നിവയും രണ്ട് ലക്ഷം രൂപയും റെയ്ഡിൽ പിടിച്ചെടുത്തു.