ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരര്‍ പിടിയില്‍

Jaihind Webdesk
Wednesday, December 26, 2018

NIA-Raid

File Image

ഇന്ത്യയിൽ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട 5 ഭീകരരെ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ റെയ്ഡില്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്നാണ് തീവ്രവാദികൾ പിടിയിലായത്. റോക്കറ്റ് ലോഞ്ചര്‍, വെടിമരുന്ന്, തോക്കുകള്‍ തുടങ്ങിയവയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്  16 പേര്‍ കൂടി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ ഉണ്ട്. പൊതു സ്ഥലങ്ങളില്‍ ഇവര്‍ സ്‌ഫോടന പരമ്പര ലക്ഷ്യമിട്ടിരുന്നതായി എൻ.ഐ.എ വ്യക്തമാക്കി.

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും എന്‍.ഐ.എ റെയ്ഡ് നടത്തി. രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 16 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിടികൂടിയവരില്‍ അഞ്ച് പേര്‍ യു.പി അമ്‌രോഹ സ്വദേശികളാണ്. സംഘത്തലവനും പിടിയിലായിട്ടുണ്ട്.

കിഴക്കന്‍ ഡല്‍ഹിയിലെ ജഫാരബാദില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡുമായി സഹകരിച്ചാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. ഭീകരസംഘടനയുമായി ബന്ധമുള്ള ഹര്‍ക്കത്ത് ഉല്‍ ഹര്‍ബ് ഇ ഇസ്‌ലാം എന്ന സംഘത്തിനുവേണ്ടിയാണ് തെരച്ചില്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.