കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പൊതു പരിപാടികളിൽ പങ്കെടുക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമൂഹ വ്യാപനം തടയാൻ സമരങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തുന്നത് അപഹാസ്യമാണെന്നു ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ വർധിച്ചുവരുന്ന കൊവിഡ് രോഗങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിലും ക്വാറന്റൈൻ ഏർപ്പെടുത്തുന്നതിലും സർക്കാർ പരാജയപ്പെട്ടു. പോത്തൻകോട്ടും ആനാട്ടും വഞ്ചിയൂരും മണക്കാടും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രോഗം പടർന്നതെവിടെനിന്നെന്നു ഇതുവരെയും കണ്ടെത്താനായിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പാളിച്ചകൾ സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ അമ്പേ പരാജയമാണ്.
കൊവിഡ് മറയാക്കി ജനദ്രോഹ ഭരണം നടത്തുന്ന സർക്കാരിനെതിരെ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ അസ്വസ്ഥരാവുകയാണ് മന്ത്രിമാർ. സ്പ്രിംഗ്ലർ, മണൽവാരൽ തുടങ്ങി വൈദ്യുതിചാർജ് വർദ്ധനവിൽവരെ യുഡിഎഫ് നടത്തിയ സമരങ്ങൾക്ക് മുമ്പിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. കൊവിഡ് നേരിടുന്നതിൽ കൊട്ടിഘോഷിച്ച കേരളമോഡൽ ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയിലെത്തി. പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ സമ്മതിക്കാതെ മുടന്തൻ ന്യായങ്ങൾ പറയുന്ന മുഖ്യമന്ത്രിക്കെതിരെ പ്രവാസ ലോകത്താകമാനം പ്രതിഷേധമുയരുന്നു. ദുരിതത്തിൽ അകപ്പെട്ട പ്രവാസി സഹോദരങ്ങളെ ശത്രുവായി കണ്ട് ആട്ടിയോടിക്കുന്ന സർക്കാർ നിലപാട് തിരുത്താൻ ഇനിയും ശക്തമായ സമരങ്ങൾ നടത്തുമെന്നും മന്ത്രിയുടെ ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നും സനൽ വ്യക്തമാക്കി. നിയന്ത്രണങ്ങൾ പാലിക്കാതെ സിപിഎം നടത്തുന്ന പരിപാടികളെ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് കോൺഗ്രസ് ജനപ്രതിനിധികളെ കള്ളക്കേസിൽപ്പെടുത്തുകയാണ്. എത്ര കേസെടുത്താലും ജനകീയാവശ്യങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കോൺഗ്രസ് -യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ മന്ത്രിക്കാവില്ലെന്നും നെയ്യാറ്റിൻകര സനൽ വ്യക്തമാക്കി.
സിപിഎം നേതാവ് കുഞ്ഞനന്തന്റെ മരണാനന്തര ചടങ്ങിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സഖാക്കൾക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് വ്യക്തമാക്കിയതിനുശേഷം സമരം നേരിടാൻ വരുന്നതാണ് മന്ത്രിക്കു നല്ലതെന്നും സനൽ പറഞ്ഞു.