വസ്തു വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി ; പ്രതിഷേധവുമായി നാട്ടുകാർ ; വീട്ടില്‍ നിന്നും മാറ്റി പൊലീസ്

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. വസ്തു തന്‍റേതെന്ന് തെളിയിക്കും. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്‍റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും വസന്ത പറഞ്ഞു. അതിനിടെ സംഭവത്തില്‍ പരാതിക്കാരിയായ വസന്തയെ പൊലീസ് വീട്ടില്‍ നിന്നും മാറ്റി. ക്രമസമാധാനപ്രശ്നം കണക്കിലെടുത്താണ് പൊലീസ് നടപടി.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്.

ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പരാതിക്കാരിയായ വസന്തയ്‌ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Comments (0)
Add Comment