സ്വാഗതം 2024; നാടെങ്ങും പുതുവത്സരത്തെ വരവേറ്റു

Jaihind Webdesk
Monday, January 1, 2024

കൊച്ചി: നാടെങ്ങും പുതുവത്സരത്തെ വരവേറ്റു .  ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. പതിനായിരങ്ങളാണ് ഇത്തവണയും ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ആഘോഷവും ആരവങ്ങളുമായി ഒഴുകിയെത്തിയത്.

രാത്രി 11.55ന് കൗണ്ട്ഡൗൺ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ 80 അടി ഉയരമുള്ള പടുകൂറ്റൻ പാപ്പാഞ്ഞിയിലേക്കായിരുന്നു. കൃത്യം 12 മണിക്ക് പാപ്പാഞ്ഞിക്ക് തിരികൊളുത്തി. കഴിഞ്ഞവർഷത്തെ അപകട സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലാണ് ഇത്തവണ ആഘോഷം നടന്നത്. ഫോർട്ട് കൊച്ചിയിൽ മാത്രം വിന്യസിച്ചത് ആയിരത്തോളം പോലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.