പണംമുടിച്ച് കിഫ്ബിയില്‍ ധൂര്‍ത്ത് തുടരുന്നു: മാധ്യമരംഗത്ത് പരിചയമില്ലാത്തയാളെ 80000 രൂപ ശമ്പളത്തില്‍ മീഡിയ കോര്‍ഡിനേറ്ററാക്കി നിയമിച്ചു

തിരുവനന്തപുരം: കിഫ്ബിയുടെ സി.എ.ജി ഓഡിറ്റ് വേണ്ടന്ന് വെച്ചശേഷം കിഫ്ബിയില്‍ മറ്റൊരു ധൂര്‍ത്ത് കുടി പുറത്ത് വന്നു. 80000 രൂപ മാസ ശമ്പളത്തില്‍ കെ.ജി. ജയപ്രകാശിനെ മീഡിയാ കോ ഓര്‍ഡിനേറ്ററായി നിയമിച്ചിതാണ് പുതിയ ധുര്‍ത്ത്.. ജയപ്രകാശിന് മാധ്യമ മേഖലയില്‍ പ്രവൃത്തി പരിചയം ഇല്ലായെന്നതാണ് വസ്തുത. ഒരു കടലാസ് കമ്പനിക്ക് 10 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്ന വിവാദത്തിന് പിന്നാലെയാണ് കിഫ്ബിയിലെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്ത് വരുന്നത്. ജയപ്രകാശിന്റെ നിയമന ഉത്തരവും പുറത്തിറങ്ങി.

വളരെ ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ക്ക് പ്രതിമാസം 80,000 രൂപയാണ് ശമ്പളം. കിഫ്ബിയിലെ പ്രോജക്ടുകള്‍ പരിശോധിക്കാനായുള്ള അപ്രൈസല്‍ ഡിവിഷന്റെ ചീഫ് പ്രോജക്ട് എക്സാമിനര്‍ ആണ് തലവന്‍. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോള്‍ തന്നെ കിഫ്ബി പ്രോജക്ടുകള്‍ പരിശോധനക്കായി പുറത്തുള്ള ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. കടലാസ് കമ്പനിയായ ഇവര്‍ക്ക് 10 കോടി രൂപയോളം ഇതിനകം നല്‍കിയിട്ടുണ്ട്. ഇങ്ങനെ നിരവധി ധൂര്‍ത്താണ് കിഫ്ബിയില്‍ നടക്കുന്നത്. അവ പുറത്തു വരാതിരിക്കാനാണ് സിഎജി ഓഡിറ്റിംഗ് വേണ്ടെന്ന് പറയുന്നത്. കിഫ്ബിയിലെ ഉത്തരവുകളും നോട്ടിഫിക്കേഷനുകളുമൊന്നും ഇപ്പോള്‍ കിഫ്ബി വെബ്സൈറ്റില്‍ ലഭ്യമല്ല. എല്ലാം പരമ രഹസ്യമാക്കി വച്ചിരിക്കുന്നു. കിഫ്ബി ഇടപാടുകള്‍ ആകെ ദുരൂഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment