പ്രസവശേഷം അണുബാധ; ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവശേഷം അണുബാധ ഉണ്ടായ മുപ്പത്തിയൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ചു. അമ്പലപ്പുഴ കരൂർ സ്വദേശി ഷിബിന ആണ് മരിച്ചത്. അണുബാധയെ തുടർന്ന് ഷിബിനയുടെ കരൾ ഉൾപ്പടെയുള്ള ആന്തരീക അവയവങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. അതേസമയം പ്രസവത്തിന് മുൻപേ അണുബാധ ഉണ്ടായിരുന്നതായും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു. കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

കഴിഞ്ഞ മാർച്ച് 26 നാണ് ഷിബിന വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവിക്കുന്നത്. തുടർന്ന് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ഷിബിനയെ വിട്ടയച്ചതായി കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരതിയിൽ പറയുന്നു. മാർച്ച് 30 ന് അസഹനീയമായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വിണ്ടും ആശുപത്രിയിൽ എത്തി. അപ്പോഴും അധികൃതകർ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കരളിനെ ഉൾപ്പടെ രോഗം ബാധിച്ചതിനാൽ ഡയാലിസിസ് അടക്കം ആരംഭിച്ചിരുന്നു.

ഷിബിനയുടെ രക്തത്തിൽ അണുബാധ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. പ്രസവത്തിന് മുൻപേ ഇത് ഉണ്ടായിരുന്നു എന്നാണ് അധികൃതരുടെ വാദം. എന്നാൽ പ്രസവത്തിന് മുമ്പുള്ള രക്ത പരിശോധനകളിൽ ഒന്നും അണുബാധ കണ്ടെത്തിയിരുന്നില്ല എന്നത് ബന്ധുക്കളുടെ ആരോപണത്തിന് ശക്തി പകരുന്നു. ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയ ഷിബിന ഇന്ന് മരണപ്പെടുകയായിരുന്നു . മരണവിവരം അറിഞ്ഞതോടെ കടുത്ത പ്രതിഷേധമാണ് ആശുപത്രിയിൽ ഉണ്ടായത്. അതേസമയം പ്രസവത്തിന് 3 ദിവസം മുൻപ് തന്നെ രോഗിക്ക്‌ മൂത്രാശയത്തിൽ അണുബാധ ഉണ്ടായിരുന്നെന്നും ചികിത്സയിലൂടെ മെച്ചപ്പെട്ട ശേഷം രണ്ട് തവണ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അബ്‌ദുൾ സലാം പറഞ്ഞു. സംഭവത്തിൽ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

Comments (0)
Add Comment