‘കിച്ചൂസ്’ ഇനി ഇവര്‍ക്ക് തണലാകും… കൃപേഷിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി

Friday, April 19, 2019

കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഗൃഹപ്രവേശം ലളിതമായ ചടങ്ങുകളോടെ നടന്നു. കോൺഗ്രസ് നേതാവും എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഹൈബി ഈഡനാണ് കൃപേഷിന്‍റെ കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചുനല്‍കിയത്.

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍, കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.ഡി സതീശന്‍ എം.എല്‍.എ, മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കളും സുഹൃത്തുക്കളും തുടങ്ങിയവര്‍ ഗൃഹപ്രവേശ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു വീട്ടുകാരുടെ കിച്ചുവിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായത്. നിറകണ്ണുകളോടെ സഹോദരി കൃഷ്ണപ്രിയയും അമ്മയും അച്ഛനും സുഹൃത്തുക്കളും കോണ്‍ഗ്രസ് പ്രവർത്തകരും ഗൃഹപ്രവേശനച്ചടങ്ങില്‍ സന്നിഹിതരായിരുന്നെങ്കിലും കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ഓര്‍മകളായിരുന്നു അവർക്ക് കൂട്ടായി ഉണ്ടായത്. മരണത്തിലും വേര്‍പിരിയാതിരുന്ന പ്രിയ കൂട്ടുകാരന്‍ ശരത് ലാലും ഒന്നിച്ചുള്ള കൃപേഷിന്‍റെ ചിത്രങ്ങളാണ് വീട്ടില്‍ നിറയെ ഉള്ളത്. കിച്ചൂസ് എന്ന വീട് കൃപേഷിന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഇനി തണലാകും.

https://www.facebook.com/JaihindNewsChannel/videos/2636507393033329/