ഇന്ധനക്കൊള്ളയില്‍ തുടങ്ങിയ വിലക്കയറ്റത്തിന് തീ പിടിപ്പിച്ച് കേന്ദ്രത്തിന്‍റെ ജിഎസ്ടി ബോംബ്: കണ്ണടച്ച് സംസ്ഥാന സർക്കാർ; നട്ടം തിരിഞ്ഞ് ജനം, പ്രതിഷേധം

 

തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെ തുടർന്നുണ്ടായ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി സംസ്ഥാനത്ത് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുകൾക്ക് ഇന്ന് മുതൽ പുതുക്കിയ നിരക്ക്. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഭക്ഷ്യവസ്തുക്കൾക്കും അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അതിനിടെ വിലക്കയറ്റത്തിനെതിരെ രാജ്യത്തിന്‍റെ പലഭാഗങ്ങളിലും വ്യാപാരികൾ പ്രതിഷേധവും ആരംഭിച്ചു. കേന്ദ്രത്തിന്‍റെ ഇരുട്ടടിക്കും അതിന് കുട പിടിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അപ്രതീക്ഷിതമായാണ് അരി ഉൾപ്പടെയുള്ള ഭക്ഷണ വസ്തുക്കൾക്ക് വില വർധിപ്പിക്കാനുള്ള തീരുമാനം വന്നത്. പായ്ക്ക് ചെയ്ത ഇറച്ചി, മത്സ്യം, തൈര്, അരി, ഗോതമ്പ്, പയർ എന്നിവക്കെല്ലാം നികുതി ചുമത്താനുളള തീരുമാനം ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ചതാണ് വില വർധനവിന് കാരണം. ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾക്ക് മാത്രമാണ് നികുതി ചുമത്തിയിരുന്നത്. പായ്ക്ക് ചെയ്യാത്ത അരിയും നികുതിയുടെ പരിധിയിൽ വരുമെന്ന് റിപ്പോർട്ടുണ്ട്. ഇത് വിലക്കയറ്റതിന്‍റെ തോത് ഉയർത്തുവാൻ ഇടയാക്കിയേക്കും.

കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഭക്ഷ്യവസ്തുക്കൾക്കും അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്ത് പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുമ്പോഴാണ് നികുതി ചുമത്തി ഉൽപ്പന്നവില വീണ്ടും ഉയർത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പണപ്പെരുപ്പം രൂക്ഷമാക്കുമോയെന്നും ആശങ്കയുണ്ട്. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വ്യാപാരികൾ ഉയർത്തുന്നത്. രാജ്യത്തിന്‍റെ പലയിടത്തും മൊത്തവിതരണ കേന്ദ്രങ്ങൾ അടച്ചിട്ടാണ് വ്യാപാരികളുടെ പ്രതിഷേധം. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ ​ആശുപത്രിവാസം, ഹോട്ടൽ മുറികൾ, എൽഇഡി ലൈറ്റുകൾ, പമ്പുകൾ, കത്തികൾ എന്നിവയുടെയും നികുതി ഉയർത്തിയിട്ടുണ്ട്.

Comments (0)
Add Comment