നേമത്ത് ബിജെപിയെ തോല്‍പ്പിച്ചത് കെ മുരളീധരന്‍ ; കോണ്‍ഗ്രസിന് 23000 ത്തോളം വോട്ടുകള്‍ വർദ്ധിച്ചു

തിരുവനന്തപുരം : നേമം മണ്ഡലത്തില്‍  കുമ്മനം രാജശേഖരനെ തോല്‍പിച്ചതില്‍ വലിയ പങ്ക് കെ മുരളീധരനെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2016-നെ അപേക്ഷിച്ച് ഇത്തവണ ജയിച്ച വി. ശിവന്‍കുട്ടിക്കും രണ്ടാമതെത്തിയ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും വോട്ട് കുറഞ്ഞപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന് വോട്ടുകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു.

യു.ഡി.എഫിന് 22,664 വോട്ടുകളുടെ വര്‍ധനവുണ്ടായപ്പോള്‍ എല്‍.ഡി.എഫിന് 3,305-ഉം ബി.ജെ.പിക്ക് 15,925 വോട്ടുമാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. 2016-ല്‍ ബിജെപിക്ക് 67,813 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 51,888 ആയി കുറഞ്ഞു. സി.പി.എമ്മിന് 2016-ല്‍ 59,142 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ 55,837 വോട്ടായി കുറഞ്ഞു. വ്യത്യാസം 3,305 വോട്ട്. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 3,949. യു.ഡി.എഫിന് 13,860 വോട്ടുണ്ടായിരുന്നത് 36, 524 വോട്ടായി വര്‍ധിച്ചു.

കെ. മുരളീധരന്‍റെ വരവോടെ കോണ്‍ഗ്രസിന് വോട്ട് ഗണ്യമായി വര്‍ധിപ്പിക്കാനായതും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് കുറഞ്ഞിട്ടും വി. ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാക്കിയതില്‍ നിര്‍ണായകമായി. ബിജെപി കോട്ടകളില്‍ കടന്ന് കയറിയ കെ മുരളീധരന്‍ അവരുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. തോറ്റെങ്കിലും ബിജെപിയിലേക്ക് ഒഴുകിയ വോട്ട് തിരികെയെത്തിക്കാന്‍ കെ. മുരളീധരനിലൂടെ യു.ഡി.എഫിനും കഴിഞ്ഞു. യഥാർത്ഥത്തില്‍ കേരളത്തിലെ ഒരേയൊരു ബിജെപി അക്കൌണ്ട് പൂട്ടിച്ചത് മുരളീധരനും കോൺഗ്രസുമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

 

Comments (0)
Add Comment