അധികൃതരുടെ അനാസ്ഥ; ആറ്റിങ്ങലിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരു മരണം

Jaihind Webdesk
Wednesday, August 30, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് അധികൃതരുടെ അനാസ്ഥയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞാണ്അപകടം ഉണ്ടായത്. റോഡുവക്കിൽ വലിയ കുഴിയെടുത്തിട്ടും അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡോ സുരക്ഷാ വേലിയോ ഇവിടെ സ്ഥാപിക്കാതിരുന്ന അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയത്.

ആറ്റിങ്ങൽ തിരുവനന്തപുരം ബൈപാസിൽ റോഡ് നിർമ്മാണത്തിനായി എടുത്ത വലിയ കുഴിയിലേക്ക് കാർ മറിഞ്ഞ് പാലച്ചിറ സ്വദേശി ഡൊമിനിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന മറ്റ് 5 പേരെ
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട മുന്നറിയിപ്പ് നൽകി സ്ഥലത്ത് കൃത്യമായ ബോർഡ് സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

നിർമ്മാണം നടക്കുന്നതിനാൽഒരു വാഹനം മാത്രം കടന്നു പോകുവാൻ പര്യാപ്തമായ വീതിയാണ് ഇവിടെ റോഡിന് ഉണ്ടായിരുന്നത്. ഇതിനോട് ചേർന്നാണ് റോഡ് നിർമ്മാണത്തിനായി വലിയ കുഴി എടുത്തിരുന്നത്. എന്നാല്‍ ബാരിക്കേഡോ സുരക്ഷാവേലിയോ അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡോ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വളരെ ഗുരുതരമായ അലംഭാവമാണ് അപകടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഈ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ പുലർത്തുന്ന അനാസ്ഥയാണ് ഒരു ജീവൻ കൂടി നഷ്ടപ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.