മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ വന്‍ദുരന്തമെന്ന് കേരളം സുപ്രീംകോടതിയില്‍

Jaihind Webdesk
Thursday, October 28, 2021

ന്യൂഡൽഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തം ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കുമെന്ന് കേരളം സുപ്രീംകോടതിയില്‍ . 5 ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് നിര്‍മിച്ച് തമിഴ്‌നാടിന് വെള്ളവും കേരളത്തിലെ ജനങ്ങള്‍ക്കു സുരക്ഷയും ഉറപ്പാക്കാണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശ് ആണ് നിലപാട് കോടതിയില്‍ എഴുതി നല്‍കിയത്.

മുല്ലപ്പെരിയാറിൽ തമിഴ്നാട് തയാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്നും കേരളം സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാനാകില്ല. കേരളത്തിന്‍റെ നിലപാട് മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേൽനോട്ട സമിതിയുടെ തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്നലെ അറിയിച്ചത്. സമിതിയിൽ കേരളം എതിർപ്പറിയിച്ചെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചിരുന്നു. സമിതിയുടെ തീരുമാനത്തിൽ കേരള സർക്കാരിന്‍റെ പ്രതികരണം കോടതി തേടിയിരുന്നു.