നവകേരള സദസിനായി പിരിവ് തകൃതി; സഹകരണ സംഘങ്ങളും തദ്ദേശസ്ഥാപനങ്ങളും പണം നല്‍കണമെന്ന് ഉത്തരവ്

Jaihind Webdesk
Friday, November 10, 2023

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസിന് പണം കണ്ടെത്താന്‍ സഹകരണ രജിസ്ട്രാര്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്ന് പണം നല്‍കണമെന്ന നിര്‍ദേശവും നല്‍കി. ഇത് സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സര്‍ക്കാരിന്‍റെ നവകേരള സദസിലേക്ക് അതത് ജില്ലകളില്‍ മന്ത്രിമാര്‍ എത്തുമ്പോള്‍ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവ് കണ്ടെത്താനാണ് സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ സഹകരണ സംഘങ്ങളും പരമാവധി സഹായങ്ങള്‍ നല്‍കുവാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘാടക സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ 50,000 രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും നല്‍കണം. കോര്‍പ്പറേഷനുകള്‍ 2,00,000 രൂപ വരെയും ജില്ലാ പഞ്ചായത്തുകള്‍ 3 ലക്ഷം വരെയും തനതുഫണ്ടില്‍ നിന്നും തുക അനുവദിക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ വിഹിതവും തനതു ഫണ്ടിന്‍റെ അഭാവവും തദ്ദേശ സഹകരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ നവകേരള സദസിന് കൂടി പണം കണ്ടെത്തേണ്ടി വരുന്നത് കനത്ത പ്രതിസന്ധിയിലേക്ക് തളളിവിടും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് സര്‍ക്കാരിന്‍റെ നവകേരള സദസ് നടക്കുന്നത്.