കൊച്ചി: നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ പ്രതിയും നര്‍ത്തകിയുമായ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. സത്യഭാമയുടെ അറസ്റ്റിന് ഇന്നുവരെ ഹൈക്കോടതിയുടെ വിലക്കുണ്ട്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.
പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നായിരുന്നു സത്യഭാമ പറഞ്ഞത്.