കൊച്ചി: ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികവാർന്ന ഒരുകൂട്ടം ചലചിത്രങ്ങളും മമ്മൂട്ടിയും പൃഥ്വിരാജും പാർവതിയും, ഉർവശിയും ഉൾപ്പെടെ മുൻനിര താരങ്ങളും അന്തിമ റൗണ്ടിൽ ഇക്കുറി ഇഞ്ചോടിഞ്ച് മത്സരമാണ് പോരാടുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 2023ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. അതേസമയം എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
നവാഗത സംവിധായകരുടെ 84 ചലച്ചിത്രങ്ങൾ ഉൾപ്പെടെ 160 സിനിമകളാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മാറ്റുരച്ചത്. തിയേറ്ററുകളിൽ റിലീസാകാതെ രാജ്യാന്തര മേളകളിൽ ഉൾപ്പെടെ ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളാണ് 2023 ലെ ചലച്ചിത്ര പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഒന്നിനൊന്ന് മികവാർന്ന ചലചിത്രങ്ങൾ ഇറങ്ങിയ 2023 ലെ പുരസ്കാര നിർണയത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. കാതലും, ആടുജീവിതവും 2018 ഉം ഫാലിമിയും അടക്കം നാൽപതോളം ചിത്രങ്ങളാണ് അവസാന റൗണ്ടിൽ മാറ്റുരയ്ക്കുന്നത്.. അതിജീവന കഥ പറയുന്ന ആടുജിവിതവും 2018 ഉം ആത്മസംഘർഷങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കാതലും ഉള്ളൊഴുക്കും അന്തിമ റൗണ്ടിൽ കടുത്ത മത്സരം ഉയർത്തുകയാണ്.
കണ്ണൂർ സ്ക്വാഡിലെ ജോർജായും കാതലിലെ മാത്യുവായും തിളങ്ങിയ മമ്മൂട്ടിയും വർഷങ്ങൾ നീണ്ട പ്രയാണത്തിലൂടെ ആടുജീവിതത്തിലെ നജീബായി മാറിയ പൃഥ്വിരാജും അന്തിമ റൗണ്ടിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ്. റിലീസിനെത്താത്ത ചിത്രങ്ങളിലെ മികവുറ്റ പ്രകടനത്തിലൂടെ മറ്റാരെങ്കിലും ഇവരെ കടത്തിവെട്ടുമോ എന്ന ആകാംക്ഷയും ഉയരുകയാണ്. മികച്ച നടിക്കുള്ള പുരസ്കാരത്തിലും ഇക്കുറി കടുത്ത മത്സരമായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയായി വേഷമിട്ട ഉർവശിയും അഞ്ജുവായെത്തിയ പാർവതി തിരുവോത്തും അന്തിമറൗണ്ടിൽ മുൻനിരയിലാണ്. നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും, കല്യാണി പ്രിയദർശനും മത്സര കളത്തിലുണ്ട്. മികച്ച സംവിധായക പോരാട്ടത്തിൽ ജിയോ ബേബിയും, ബ്ലെസിയും, ക്രിസ്റ്റോ ടോമിയോയും മുന്നിട്ടു നിൽക്കുകയാണ്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ഇക്കുറി അവാർഡ് നിർണയം നടത്തിയത്.
അതേസമയം ഇന്ന് വൈകീട്ട് 3 മണിയ്ക്കാണ് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഡല്‍ഹിയിലെ ദേശീയ മാധ്യമ സെന്‍ററിലാണ് പ്രഖ്യാപനങ്ങള്‍ നടക്കുന്നത്. മികച്ച ചിത്രം, ഫീച്ചര്‍ ഫിലിം, നോണ്‍ ഫീച്ചര്‍ ഫിലിം, മികച്ച തിരക്കഥ, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. 100 ല്‍ അധികം ചിത്രങ്ങളാണ് ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും കന്നഡ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ റിഷബ് ഷെട്ടിയുമാണ് മികച്ച നടനുള്ള പുരസ്‌കാരത്തിനുള്ള പ്രധാന മത്സരാര്‍ത്ഥികള്‍. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മമ്മൂട്ടി ഇത്തവണയും ലാസ്റ്റ് റൗണ്ടില്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ റോര്‍ഷാച്ച്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ ശ്രദ്ധേയമായിരുന്നു.
നടനും സംവിധായകനുമായ റിഷബ് ഷെട്ടി 2022 ല്‍ പുറത്തിറങ്ങിയ കാന്താര എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനാണ്. കന്നഡ ഇന്‍ഡസ്ട്രിക്ക് മാത്രം അറിയാമായിരുന്ന ഷെട്ടി കാന്താരയ്ക്ക് ശേഷം ഇന്ത്യന്‍ താരമായി മാറി. ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ 2022 ജനുവരി 1 നും 2022 ഡിസംബര്‍ 31 നും ഇടയില്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് വിലയിരുത്തുന്നത്.