നർക്കോട്ടിക് വിവാദത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാതെ സർക്കാർ ; രാഷ്ട്രീയ അജണ്ടയെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍വകക്ഷി, മത-സമുദായ നേതാക്കളുടെ യോഗം വിളിക്കാതെ സര്‍ക്കാര്‍. വിഷയത്തില്‍ ഇടപെടേണ്ടെന്നാണ് സർക്കാർ നിലപാട്. സര്‍വകക്ഷിയോഗം വിളിക്കേണ്ട സാഹചര്യമായില്ലെന്നും സർക്കാർ.

അതേസമയം നര്‍ക്കോട്ടിക് ജിഹാദ്, ലൗജിഹാദ് പരാമര്‍ശങ്ങളില്‍ സിപിഎമ്മിന് നിലപാടില്ലെന്നും രാഷ്ട്രീയ അജണ്ടയുണ്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രണ്ടു ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി അറിയിച്ചിരുന്നു.

സര്‍വകക്ഷിയോഗത്തിന്റെ കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. പരസ്യപ്രതികരണങ്ങളും ചര്‍ച്ചകളും തുടരുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഎമ്മിന്റെയും സിപിഐയുടേയും വിലയിരുത്തല്‍.  മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു.

സര്‍വകക്ഷിയോഗം വിളിക്കേണ്ട എന്ന കാനം രാജേന്ദ്രന്‍റെ നിലപാട് ലജ്ജാകരമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. കാനം പറഞ്ഞതില്‍ അദ്ഭുതപ്പെടാനില്ല. മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment