മുഖ്യമന്ത്രിയും പാർട്ടിയും അറിഞ്ഞുകൊണ്ട് മൂടിവെക്കാന്‍ ശ്രമിച്ചതാണ് ബിഷപ്പ് പറഞ്ഞത്; ദീപികയിൽ ലേഖനം

Jaihind Webdesk
Saturday, September 18, 2021

പാലാ ബിഷപ്പ് ഉന്നയിച്ചത് സിപിഎമ്മും ശരിവെച്ചെന്ന് സഭാ മുഖപത്രമായ ദീപികയിൽ ലേഖനം. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും സിപിഎം സർക്കുലറിൽ പറയുന്നതും ഒരേ കാര്യങ്ങൾ. മന്ത്രി വി.എൻ വാസവന്‍റെ ബിഷപ്പ് ഹൗസ് സന്ദർശനം ഇതിന് തെളിവെന്നും സഭാ മുഖപത്രത്തില്‍ പരാമർശം. തീവ്രവാദ കേസുകളിൽ സി പി എം നിലപാടിന് പിന്നാലെയാണ് ദീപികയിലെ ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാർട്ടിയും അറിഞ്ഞു കൊണ്ടു മൂടി വെക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനം പറയുന്നു. ‘യാഥാർഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും’ എന്ന തലകെട്ടിലാണ് ലേഖനം.

ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും പോലുള്ള തീവ്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയ വസ്തുതകൾക്കെതിരെ വാളെടുത്തവർക്ക് ഒരാഴ്ചകൊണ്ടുതന്നെ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി സ്ഥിതിയാണിപ്പോൾ വന്നിരിക്കുന്നതെന്ന്  ലേഖനത്തിൽ പറയുന്നു. സിപിഎം സർക്കുലറിൽ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങൾ ആണ്. എന്നാൽ ബിഷപ്പ് പറഞ്ഞതിന് മതത്തിന്‍റെ പരിവേഷം നൽകാനാണ് ചിലർ ശ്രമിച്ചതെന്നും  സിപിഎം ഇപ്പോൾ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞദിവസം സിപിഎം ആക്ടിംഗ് സെക്രട്ടറി നടത്തിയ പ്രതികരണവും മന്ത്രി വിഎൻ വാസവന്‍റെ ബിഷപ്പ് ഹൗസ് സന്ദർശനവും എല്ലാം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതിന്‍റെ സൂചനയാണ് നൽകുന്നതെന്നും ലേഖനത്തിൽ പറയുന്നു. വിഷയത്തില്‍ സർക്കാർ അന്വേഷണം നടത്തി ആശങ്കകൾക്ക് അകറ്റുകയാണ് ചെയ്യേണ്ടത് എന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.  ബിജെപിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെങ്കിൽ നടപടി എടുക്കുകയാണ് വേണ്ടത്. അതിനുപകരം ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുതെന്നും താലിബാൻ വർഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാൻ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തിൽ പറയുന്നു.