KOTHAMANGALAM| കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത; പെണ്‍സുഹൃത്ത് വിഷം നല്‍കിയെന്ന് ബന്ധുക്കള്‍

Jaihind News Bureau
Friday, August 1, 2025

കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയം. മാതിരപ്പിള്ളി സ്വദേശിയായ 38 വയസ്സുള്ള അന്‍സിലാണ് വ്യാഴാഴ്ച മരിച്ചത്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് വധശ്രത്തിന് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചയോടെയാണ് അന്‍സില്‍ വിഷം കഴിച്ചെന്ന വിവരം പോലീസിന് ലഭിക്കുന്നത്. യുവതിയുടെ വീട്ടില്‍ വിഷം കഴിച്ച നിലയിലാണെന്ന് അന്‍സില്‍ തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. പൊലീസും വീട്ടുകാരും സ്ഥലത്തെത്തി അന്‍സിലിനെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. പോസ്റ്റ്മോര്‍ട്ടം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

യുവതിയും അന്‍സിലും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. നേരത്തെയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. സാമ്പത്തിക തട്ടിപ്പിന് യുവതി അന്‍സിലിനെതിരെ പരാതി നല്‍കിയിരുന്നു. മകനെ വിഷം കൊടുത്ത് കൊല്ലുമെന്ന് യുവതി നേരത്തെ അന്‍സിലിന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം അന്‍സിലിനെ വിഷം കൊടുത്തു കിടത്തിയെന്ന് യുവതി അന്‍സിലിന്റെ അമ്മയെ വിളിച്ച് വീഡിയോ കോളിലൂടെ കാണിച്ചു എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പുല്ലിനടിക്കാനുള്ള കീടനാശിനിയാണ് അന്‍സില്‍ കഴിച്ചതെന്നാണ് വിവരം. 300 മില്ലി വിഷം ഉള്ളില്‍ ചെന്നതായി ബന്ധുക്കള്‍ പറഞ്ഞു. യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷം അടങ്ങിയ കുപ്പി പോലീസ് കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് യുവതിയെ ചോദ്യം ചെയ്യുകയാണ്.