എം.വി ഗോവിന്ദന്റെ പ്രസ്താവന പച്ച കള്ളം; പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് മുഖ്യമന്ത്രിയും മന്ത്രിമാരും എം വി ഗോവിന്ദനും ചേര്‍ന്നെന്ന് തെളിയിക്കുന്ന രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്..

Jaihind Webdesk
Thursday, November 3, 2022

 

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവിറക്കിയ സര്‍ക്കാരിന് അത് മരവിപ്പിക്കേണ്ടി വന്നതോടെ വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം, പാര്‍ട്ടിയറിയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും പാര്‍ട്ടി ഘടകങ്ങളറിയാതെ ഇതെങ്ങനെ നടപ്പിലായി എന്ന് അന്വേഷിക്കുമെന്നും പറഞ്ഞിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്നാല്‍, പാര്‍ട്ടിയറിഞ്ഞിട്ടില്ലെങ്കിലും എം.വി. ഗോവിന്ദന്‍ അറിഞ്ഞില്ലെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് രേഖകള്‍ വ്യക്തമാകുന്നു. പാര്‍ട്ടി സെക്രട്ടറിയാകുന്നതിന് മുമ്പ് പിണറായി മന്ത്രിസഭയില്‍ രണ്ടാമനായി മുഖ്യമന്ത്രിയുടെ അടുത്തിരുന്നയാളാണ് എം.വി. ഗോവിന്ദന്‍. ഗോവിന്ദന്‍ പങ്കെടുത്ത ഏപ്രില്‍ 20 ലെ മന്ത്രിസഭായോഗത്തിലും പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ വന്നിരുന്നുവെന്നുള്ള രേഖകളാണ് ലഭിച്ചിരിക്കുന്നത്.

 

 

അതുപോലെ സിപിഎമ്മിലെ ഉന്നത കമ്മിറ്റികളിലെ അംഗങ്ങളാണ് പ്രധാനപ്പെട്ട വകുപ്പുകളിലുള്ള മന്ത്രിമാരൊക്കെയും. മുന്നണിയറിയാതെയാണ് ഇത്തരമൊരു പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കല്‍ ഉത്തരവിറങ്ങിയതെന്ന സിപിഐയുടെ നിലപാടും പരിഹാസ്യമാണ്. ഒക്ടോബര്‍ 26ലെ മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ടകളിലൊന്നായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍. അന്നത്തെ മന്ത്രിസഭ യോഗ തീരുമാനങ്ങളുടെ പത്രകുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ച് പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് അറിഞ്ഞില്ലെന്ന നിലപാടാണ് എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും സ്വീകരിച്ചത്. പല മന്ത്രിമാരും തങ്ങള്‍ ഇതറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരിക്കുന്നത്. ഒക്ടോബര്‍ 26 ലെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചകാര്യം അറിഞ്ഞില്ലെന്ന പെരുംനുണ പ്രചരിപ്പിക്കുകയാണ് മന്ത്രിമാരും നേതാക്കന്‍മാരും.

സി.പി.ഐ യുവജന സംഘടന പെന്‍ഷന്‍ പ്രായത്തിനെതിരെ സമര രംഗത്ത് വന്നപ്പോള്‍ സിപിഐ മന്ത്രിമാരായ ചിഞ്ചുറാണി, കെ. രാജന്‍, ജി.ആര്‍. അനില്‍, പ്രസാദ് എന്നിവര്‍ ഒക്ടോബര്‍ 26 ലെ മന്ത്രിസഭ യോഗത്തില്‍ പിണറായിക്കൊപ്പമിരുന്ന് പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് കയ്യടിക്കുകയായിരുന്നു. പ്രതിപക്ഷവും യുവജന സംഘടനകളും ശക്തമായി ഇതിനെതിരെ രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിച്ചതിനു ശേഷവും തങ്ങളൊന്നും അറിഞ്ഞില്ല എന്ന അപഹാസ്യമായ ശൈലി അവലംബിക്കുകയാണ് മന്ത്രിമാരും നേതാക്കളും.