എം.വി ഗോവിന്ദന്‍റെ അടിസ്ഥാനരഹിത ആരോപണം; ശക്തമായ നിയമ നടപടിക്ക് കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, June 19, 2023

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ഗോവിന്ദന്‍റെ പൊള്ളയായ ആരോപണത്തിന് രൂക്ഷമായ ഭാഷയിൽ അദ്ദേഹം മറുപടി നൽകിയിരുന്നു. എം.വി ഗോവിന്ദനും പാർട്ടി മുഖപത്രത്തിനുമെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടിക്കാണ് കെപിസിസി അധ്യക്ഷൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് എം.വി ഗോവിന്ദൻ കെപിസിസി അധ്യക്ഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. പാർട്ടി മുഖപത്രത്തിന്‍റെ വാർത്തകളെ അടിസ്ഥാനമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ ബാലിശമായ ആരോപണങ്ങൾക്ക് ചുട്ട മറുപടി ഉടൻതന്നെ കെപിസിസി അധ്യക്ഷൻ നൽകിയിരുന്നു. എം.വി ഗോവിന്ദനെതിരേയും ദേശാഭിമാനിക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. കെപിസിസി ലീഗൽ സെല്ലും കൂടാതെ മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ചാകും നിയമനടപടികളുമായി മുന്നോട്ടുപോവുക.

പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറിക്ക്എങ്ങനെ ലഭിച്ചു എന്ന വലിയ ചോദ്യമാണ്
കെപിസിസി അധ്യക്ഷൻ ഉയർത്തുന്നത്. ഇത്തരത്തിൽ ഒരു മൊഴിയില്ല എന്നാണ് അന്വേഷണസംഘവും ഇതുമായി ബന്ധപ്പെട്ട അഭിഭാഷകരും ഒക്കെ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ പൂർത്തിയായി വിധി പറഞ്ഞ കേസിലെ അടിസ്ഥാന രഹിതമായ പുതിയ ആരോപണം നിയമവൃത്തങ്ങളിലും കൂടുതൽ ചർച്ചയാവുകയാണ്.

എം.വി ഗോവിന്ദന്‍റെ അപകീർത്തികരമായ പരാമർശത്തിനെതിരെ പൊതുപ്രവർത്തകൻ ഇന്നലെ തന്നെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എം.വി ഗോവിന്ദന്‍റെ പ്രസ്താവന കലാപാഹ്വാനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് പരാതി നൽകിയത്. അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും ആടി ഉലയുന്ന സംസ്ഥാന സർക്കാരും സിപിഎമ്മും പ്രതിപക്ഷ നേതാക്കൾക്കെതിരെ നടത്തുന്ന തരംതാണ നീക്കങ്ങൾക്കും പരാമർശങ്ങൾക്കും എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം വിലകുറഞ്ഞ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുവാനാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരിക്കുന്നത്.