‘മിത്തെന്ന് പറഞ്ഞിട്ടില്ല’; പ്രതിഷേധം കനത്തപ്പോള്‍ മലക്കം മറിഞ്ഞ് എം.വി ഗോവിന്ദന്‍

Jaihind Webdesk
Friday, August 4, 2023

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: എൻഎസ്എസും വിശ്വാസി സമൂഹവും പ്രതിഷേധം കടുപ്പിച്ചതോടെ മിത്ത് വിവാദത്തില്‍ മലക്കം മറിഞ്ഞ് സിപിഎം. ഗണപതി മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ. മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് നിലപാട് കടുപ്പിച്ച എം.വി ഗോവിന്ദൻ ഡൽഹിയിൽ മലക്കം മറിയുകയായിരുന്നു.

മിത്ത് വിവാദത്തിൽ മാപ്പ് പറയുകയോ നിലപാട് തിരുത്തുകയോ ചെയ്യില്ല എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തി അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. ഗണപതി മിത്ത് ആണെന്നും ഈ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പരാമർശിച്ചിരുന്നു.

വിവാദവും പ്രതിഷേധവും പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ തന്ത്രപരമായി നിലപാടിൽ നിന്ന്
മലക്കം മറിഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.  എന്നാൽ സ്പീക്കർ മാപ്പ് പറയുകയോ പരാമർശം പിൻവലിക്കുകയോ ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് എൻഎസ് എസും വിശ്വാസി സമൂഹവും.