നവജാത ശിശുവിന്‍റെ കൊലപാതകം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയോട്ടിക്കുണ്ടായ പരുക്ക്

Jaihind Webdesk
Friday, May 3, 2024

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.  കുഞ്ഞിന്‍റെ തലയോട്ടിക്കുണ്ടായ പരുക്കാണ് മരണം കാരണമെന്നാണ്  റിപ്പോർട്ടില്‍ പറയുന്നത്. കുഞ്ഞിന്‍റെ കീഴ് താടിക്കും പരുക്കുണ്ട്. തലയോട്ടിക്ക് ഉണ്ടായ പരുക്ക് എങ്ങനെയാണെന്ന് പോലീസ് പരിശോധിക്കുകയാണ്. മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ  പരുക്കെന്നാണ് പരിശോധിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.

ഇന്നു രാവിലെ 8.15നാണ് കുഞ്ഞിന്‍റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നിന്നും കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് 7.37 നാണ് കുഞ്ഞിന്‍റെ മൃതദേഹം താഴേക്ക് എറിഞ്ഞതെന്ന് കണ്ടെത്തിയത്. ഫ്ലാറ്റിന്‍റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ കവർ താഴേക്കു പതിക്കുന്നതു സിസി ടിവിയിൽ പതിഞ്ഞിരുന്നു. സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് കൊറിയർ കവറില്‍ പൊതിഞ്ഞ് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി. ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്‍റിലെ ‘5സി’ ഫ്ലാറ്റിലാണ് രക്തക്കറ കണ്ടത്.

ഇവിടെ താമസിക്കുന്ന ബിസിനസുകാരനായ അഭയ് കുമാർ, ഭാര്യ, മകൾ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടൻ തന്നെയാണു കുഞ്ഞിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞതെന്നാണ് സൂചന.