രാഷ്ട്രപതി ഭവനെപ്പോലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കേന്ദ്ര സർക്കാ‌ർ പങ്കാളികളാക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രൻ

രാഷ്ട്രപതി ഭവനെപ്പോലും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് കേന്ദ്ര സർക്കാ‌ർ പങ്കാളികളാക്കുന്നതായി കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭരണഘടനയെ കേന്ദ്ര സർക്കാർ കളങ്കപ്പെടുത്തിയ നാളുകളിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ശ്രീകണ്ഠാപുരത്ത് പറഞ്ഞു.

കേരള സ്‌റ്റെയിറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമേളനം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ കെ പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രൂക്ഷ വിമർശനം നടത്തിയത്. കറുത്ത കാലഘട്ടത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഭരണഘടനയെ കളങ്കപ്പെടുത്തിയ നാളുകളാണ് കഴിഞ്ഞു പോയത്.വ്യവസ്ഥാപിതമായി അധികാരത്തിൽ വന്ന ജനാധിപത്യ സർക്കാരുകളെ പിന്നിൽ നിന്ന് കേന്ദ്ര സർക്കാർ കുത്തുന്ന കാഴ്ച്ചയാണ് നാം കണ്ടത്. രാഷ്ട്രപതി ഭവനപ്പോലും രാഷ്ട്രിയ കുതിരക്കച്ചവടത്തിന് കേന്ദ്ര സർക്കാ‌ർ പങ്കാളികളാക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

യാതൊരു നടപടി ക്രമവും പാലിക്കാതെ മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിന് ശ്രമിച്ചു. രാജ്ഭവൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫിസുമായി ബന്ധിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്.

അഗാധമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. കിടന്നുറങ്ങുമ്പോഴാണ് രാഷ്ട്രപതിയെ കൊണ്ട് മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കെ പി സി സി പ്രസിഡൻറ് കുറ്റപ്പെടുത്തി.ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിർണായക തീരുമാനങ്ങൾ എടുത്തത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സർക്കാരുകളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കെ സി ജോസഫ് എംഎൽഎ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. സോണി സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ, ഐഎൻടിയുസി ദേശിയ സെക്രട്ടറി കെ.സുരേന്ദ്രൻ, വിവിധ കെ എസ് എസ് പി എ നേതാക്കളും സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  വിരമിച്ച സർക്കാർ ജീവനക്കാരുടെ പ്രകടനവും ശ്രീകണ്ഠാപുരത്ത് നടന്നു. നൂറു കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കാളികളായി.

mullappally ramachandran
Comments (0)
Add Comment