പിണറായി സര്‍ക്കാർ പ്രളയത്തേക്കാള്‍ വലിയ ദുരന്തം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Friday, August 23, 2019

Mullapaplly-Ramachandran

പ്രളയത്തെക്കാൾ വലിയ ദുരന്തമാണ് പിണറായി സർക്കാരെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ബി.ജെ.പിയുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണയാണ് തുഷാറിന് നൽകിയ പിന്തുണയ്ക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എം സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയും ഉൾപ്പെടെ  മുഖ്യമന്ത്രിക്ക് സ്തുതി പാടുകയാണ്. സർക്കാരിന്‍റെ പ്രവർത്തനങ്ങളെപ്പറ്റി തുറന്ന ചർച്ചയ്ക്ക് കോടിയേരി തയാറാണോയെന്ന് കെ.പി.സി.സി അധ്യക്ഷൻ ചോദിച്ചു. ശബരിമല സംബന്ധിച്ച് നേതൃത്വത്തിനും പ്രവർത്തകർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. ഇത് സംബന്ധിച്ച് പാർട്ടി സെക്രട്ടറി തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിശ്വാസത്തിന്‍റെ കാര്യത്തിൽ സി.പി.എമ്മും സംഘപരിവാറും ഒരേ പാത പിൻതുടരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൻ.ഡി.എ കൺവീനർ  തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്തതിൽ യാതൊരു  അസ്വാഭാവികതയും ഇല്ല. എന്നാൽ തുഷാറിന്‍റെ കേസിൽ  കാണിച്ച അമിത താല്‍പര്യം എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബി.ജെ.പിയുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണയാണ്  തുഷാറിനെ കൂട്ടുപിടിക്കുന്നതിനു പിന്നിലെന്നും കെ.പി.സി.സി അധ്യക്ഷൻ കുറ്റപ്പെടുത്തി.  കോർപറേറ്റ് താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സർക്കാർ, പരിസ്ഥിതി സംരക്ഷണത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.