ശബരിമലയില്‍ യെച്ചൂരിയുടെ അഭിപ്രായമാണോ മുഖ്യമന്ത്രിക്കും ? വിശ്വാസികളെ വഞ്ചിക്കാന്‍ സിപിഎം വീണ്ടും കളമൊരുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : ശബരിമലയില്‍ യുവതീ പ്രവേശനം വേണമെന്ന സിപിഎം നിലപാട് ശരിയാണെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രി പിണറായി വിജയനും ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ശബരിമല വിഷയത്തില്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ അടവുനയം പയറ്റുകയാണ്. അതിന്‍റെ ഭാഗമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മുതലക്കണ്ണീര്‍. കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്നാണ് യെച്ചൂരി പറയുന്നത്.

ഭരണഘടന അനുശാസിക്കുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്ന് യെച്ചൂരി പറയുന്നു. ഇതിലൂടെ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് ഒപ്പമല്ലെന്ന് വ്യക്തമായ സന്ദേശമാണ് സിപിഎം നല്‍കുന്നത്. വിശ്വാസികളെ വീണ്ടും വഞ്ചിക്കാന്‍ കളമൊരുക്കുകയാണ് സിപിഎം നേതാക്കള്‍. വിശ്വാസികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതിരുന്നതും സിപിഎമ്മിന്‍റെ ഇതേ നിലപാടിനെ തുടര്‍ന്നാണ്. സിപിഎം ആശയപ്രതിസന്ധി നേരിടുന്നതിനാലാണ് നേതാക്കള്‍ ആദ്യം ഒന്നു പറയുകയും പിന്നീട് മാറ്റിപ്പറയുകയും ചെയ്യുന്നത്.

ശബരിമല വിഷയം സങ്കീര്‍ണമാക്കിയത് സിപിഎമ്മാണ്. സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ഭിന്നതയായിട്ടാണ് മുഖ്യമന്ത്രി അതിനെ ഒരു ഘട്ടത്തില്‍ ചിത്രീകരിച്ചത്. ആപത്ക്കരമായ നിലപാടാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ സ്വീകരിച്ചത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന സിപിഎം നിലപാട് വിശ്വാസികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. യുഡിഎഫ് ഈ വിഷയത്തില്‍ പ്രഖ്യാപിത നിലപടാണ് സ്വീകരിച്ചത്. അധികാരത്തില്‍ വന്നാല്‍ ആചാരസംരക്ഷണ നിയമ നിര്‍മ്മാണം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ശബരിമല വിഷയത്തെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment