മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് ഇന്ന് തുടക്കം

Jaihind Webdesk
Sunday, February 3, 2019

‘നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും’ എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്ന് വൈകിട്ട് 3 മണിക്ക് കാസർഗോഡ് നിന്നും തുടക്കം കുറിക്കും. യാത്രയുടെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി നിർവഹിക്കും.

കാസർകോട് നായമ്മാർമൂലയിൽ നിന്നുമാണ് മഹാജനയാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന യാത്രയ്ക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു. യാത്രയോടനുബന്ധിച്ച് കാസർഗോഡ് ഡി.സി.സി.യുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥയും സംഘടിപ്പിച്ചു.

ഇന്ന് വൈകിട്ട് 3 മണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യുന്ന ജനമഹായാത്ര വൈകിട്ട് 5 മണിക്ക് കുമ്പളയിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് നാളെ ചട്ടംചാലിലും പെരിയയിലും വൈകിട്ട് 3 മണിയോടെ തൃക്കരിപ്പൂരിലും സ്വീകരണം ഏറ്റുവാങ്ങി കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി കണ്ണൂരിലേക്ക് പ്രവേശിക്കും യാത്രയുടെ സംസ്ഥാനതല സമാപനം ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് നടക്കും.