കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് നാടിന്‍റെ ആവശ്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വരാൻ പോകുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെ കോൺഗ്രസ് മത്സരത്തിന് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് കോൺഗ്രസിന് സംഭവിച്ച കൈപ്പിഴ കൊണ്ടാണ്. കോഴിക്കോട് നടന്ന രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി ഉത്തര മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആപത്കരമായ രീതിയിലാണ് സി.പി.എം ഭരിക്കുന്ന കോഴിക്കോട് കോർപറേഷനിൽ അഴിമതി നിറഞ്ഞിരിക്കുന്നത്. കണ്ണൂരിലെ ആന്തൂർ പഞ്ചായത്തും ക്രമക്കേടുക്കുകളുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. എല്ലായിടത്തും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് നാടിന്‍റെ ആവശ്യമാണ്. പാർട്ടിയുമായി ബന്ധമില്ലാതെ പ്രവർത്തിക്കുന്ന ആർക്കും ഇനി പാർട്ടിയിൽ പദവികൾ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരാൻ പോകുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെ മത്സരത്തിന് നിർത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വികസനം എന്നത് സ്ഥായിയായ വികസനമാവണം. കോൺഗ്രസിന് പറ്റിയ ഒരു കൈത്തെറ്റ് കൊണ്ടാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടാഗോർ സെന്‍റിനറി ഹാളിൽ നടന്ന രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സമിതി ഉത്തരമേഖലാ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സി ജോസഫ് എം.എൽ.എ അധ്യക്ഷനായിരുന്നു. പരിപാടിയിൽ ലാലി വിൻസന്‍റ്, ടി സിദ്ദിഖ്, പഞ്ചായത്തിരാജ് ഉത്തരമേഖലാ ചുമതലയുള്ള അഡ്വ. പി.എം സുരേഷ് ബാബു, സുമാ ബാലകൃഷ്ണൻ, പി.എം നിയാസ്, സി.പി ജോൺ തുടങ്ങിയവർ പങ്കെടുത്തു.